കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ദൂരം ഇനി തടസമാകില്ല; ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും ഓൺലൈനായി പഠിക്കാൻ ‘ഡിജിറ്റൽ ആർട്‌സ് സ്‌കൂൾ’ ഒരുങ്ങുന്നു
തിരുവനന്തപുരം: ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ‘ഡിജിറ്റൽ ആർട്‌സ് സ്‌കൂൾ’ ഒരുങ്ങുന്നു. മോഹിനിയാട്ടവും ഭരതനാട്യവും ഉൾപ്പെടെയുള്ള ശാസ്ത്രീയനൃത്തങ്ങൾക്കു പുറമെ, നാടൻകലാരൂപങ്ങളും ഓൺലൈനായി പഠിപ്പിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലുള്ള സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി.) എന്ന പഠനവിഭാഗമാണ് ഇതിനു തുടക്കമിടുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രത്യേക സോഫ്റ്റ്‌വേറും സി.ഡി.ടി.സി വികസിപ്പിക്കും.
രാജ്യത്തും വിദേശത്തുമായി ആർട്‌സ് സ്‌കൂളിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ മലയാളം മിഷൻ, നോർക്ക തുടങ്ങീ വിവിധ സർക്കാർവകുപ്പുകളുടെ സഹകരണവും തേടും. ജനറേറ്റീവ് എ.ഐ, ഡിജിറ്റൽ സയൻസ്, മെഷീൻ ലേണിങ്, കംപ്യൂട്ടർവിഷൻ, ഡേറ്റാ സയൻസ്, ബ്രെയിൻ കംപ്യൂട്ടിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയുടെ സഹായത്താലാണ് പ്രവർത്തനം.
സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചുനടത്തുന്ന ഡിജിറ്റൽ ആർട്‌സ് സ്കൂളിന്റെ ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളായിരിക്കും. പിന്നീട്, ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളും നടപ്പിലാക്കി യു.ജി.സി. നിർദേശമനുസരിച്ചുള്ള അക്കാദമിക ക്രെഡിറ്റും ഏർപ്പെടുത്തി കോളേജ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു. കലാരംഗത്തെ പ്രഗല്‌ഭരുടെ നേതൃത്വത്തിലാണ് പാഠ്യപദ്ധതിയുടെ രൂപകല്പന. സാംസ്കാരികവകുപ്പ് അതത് കലാമേഖലകളിലെ അധ്യാപകരെ കണ്ടെത്തി ആർട്‌സ് സ്കൂളിനുവേണ്ട അധ്യാപകരെ സജ്ജമാക്കും.