ആരോഗ്യമുള്ള കുഞ്ഞല്ലേ വേണ്ടത്; ഗര്‍ഭത്തിന്റെ ആദ്യമൂന്ന് മാസങ്ങളില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്


ട്ടേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസം. ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്‌നം, ആസിഡ് റീഫ്‌ളക്‌സ്, മലബന്ധം എന്നിങ്ങനെ പലതും നിങ്ങളെ പ്രയാസപ്പെടുത്തും. ഈ സമയത്ത് ആഹാരം പോലും കൃത്യമായി കഴിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാവും. എന്നാല്‍ കുഞ്ഞിനെ സംബന്ധിച്ച് വളരെ പ്രധാനമാണ് ഈ വളര്‍ച്ചാ ഘട്ടം.

വളര്‍ന്നു കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് ഊര്‍ജം ആവശ്യമാണ്. പ്രധാനപ്പെട്ട പോഷണങ്ങള്‍ അടങ്ങിയ ലളിതമായ ഭക്ഷണക്രമം ഈ കാലയളവില്‍ ഗര്‍ഭിണികള്‍ പിന്തുടരേണ്ടതാണ്. ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ സപ്ലിമെന്റുകളായിട്ടാണെങ്കിലും ഇനി പറയുന്ന പോഷണങ്ങള്‍ ആദ്യ മൂന്ന് മാസത്തില്‍ ഗര്‍ഭിണിയുടെ ഉള്ളില്‍ എത്തിയിരിക്കണം.

ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ തന്നെ അയേണ്‍, ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കാന്‍ തരാറുണ്ട്. ഇത് എന്തിനെന്നറിയേണ്ട.

ഫോളിക് ആസിഡ്: ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെയും നട്ടെല്ലിനെയും സ്‌പൈനല്‍ കോഡിനെയും ബാധിക്കുന്ന ന്യൂറല്‍ ട്യൂബ് തകരാറുകള്‍ വരാതിരിക്കാന്‍ ഫോളിക് ആസിഡ് അഥവാ വൈറ്റമിന്‍ ബി9 അത്യാവശ്യമാണ്.

അയണ്‍: ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആവശ്യങ്ങള്‍ക്ക് ഉതകും വിധം ശരിയായ രക്തചംക്രമണം നടക്കേണ്ട കാലഘട്ടമാണ് ഗര്‍ഭകാലം. ഇതിനാല്‍ ഭക്ഷണത്തില്‍ അയണ്‍ സപ്ലിമെന്റുകളും ഉള്‍പ്പെടുത്തേണ്ടതാണ്. പ്രതിദിനം 27 മില്ലിഗ്രാം അയണെങ്കിലും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.[id2]

അയേണും ഫോളിക് ആസിഡും പോലെ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമാണ് കാല്‍സ്യവും പ്രോട്ടീനും.
ഗര്‍ഭസ്ഥ ശിശുവിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് കാല്‍സ്യം ആവശ്യമാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണി കഴിക്കുന്ന കാല്‍സ്യത്തിന്റെ അളവ് ഭാവിയിലെ കുഞ്ഞിന്റെ ആരോഗ്യത്തെ നിര്‍ണയിക്കും. ഗര്‍ഭിണികള്‍ ആവശ്യത്തിന് കാല്‍സ്യം കഴിക്കാതിരുന്നാല്‍ കുട്ടിക്ക് ഓസ്റ്റിയോപോറോസിസ് അടക്കമുള്ള എല്ലിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

പ്രോട്ടീന്‍: ഗര്‍ഭസ്ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും പേശികളുടെ വികസനത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ഗര്‍ഭപാത്ര കോശങ്ങളുടെ വളര്‍ച്ചയിലും പ്രോട്ടീന്‍ മുഖ്യ പങ്ക് വഹിക്കുന്നു. കോഴി, മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, സോയാബീന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്.

ഇതുപോലെ തന്നെ വൈറ്റമിന്‍ സിയും ഗര്‍ഭിണികളുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ വൈറ്റമിന്‍ സി പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നു. എല്ലുകളുടെയും കോശങ്ങളുടെയും വികസനത്തിനും അയണിന്റെ ശരിയായ ആഗീരണത്തിനും വൈറ്റമിന്‍ സി ആവശ്യമാണ്. സ്‌ട്രോബെറി, ഓറഞ്ച്, ബ്രോക്കളി എന്നിവയെല്ലാം വൈറ്റമിന്‍ സി അടങ്ങിയതാണ്. ദിവസം 85 മില്ലിഗ്രാം വൈറ്റമിന്‍ സിയാണ് ഗര്‍ഭിണികള്‍ക്ക് ആവശ്യം.