ഇന്ത്യന്‍ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നൂതന ആശയങ്ങള്‍ക്ക് നല്‍കുന്ന ഇന്‍സ്പയര്‍ അവാര്‍ഡിന് അര്‍ഹനായി മുയിപ്പോത്ത് എം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ധന്‍വിന്‍ കൃഷ്ണ


ചെറുവണ്ണൂര്‍: ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നൂതന ആശങ്ങള്‍ക്ക് നല്‍കുന്ന ഇന്‍സ്പയര്‍ അവാര്‍ഡിന് അര്‍ഹനായി മുയിപ്പോത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി. മുയിപ്പോത്ത് എം.യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധന്‍വിന്‍ കൃഷ്ണയ്ക്കാണ് ഇന്ത്യന്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ 2024 ലെ അവാര്‍ഡ് കരസ്ഥമാക്കിയത്.

കിണറുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിക്കാതെ വെളളം കോരുന്ന നിരവധി വീടുകള്‍ ഇപ്പോഴുമുണ്ട്. ഇങ്ങനെ വെളളം കോരുന്നതിന്റെ ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ പ്രത്യേകം നിര്‍മ്മിച്ച ഗിയര്‍ ഉപയോഗിച്ച് വെളളം പെട്ടെന്ന് കോരിയെടുക്കാനും അതേസമയം തന്നെ വെളളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കാനും കഴിയുന്ന തരത്തിലുളള ആശയമാണ് ധന്‍വിന്‍ കൃഷ്ണ മുന്നോട്ട് വച്ചത്. കുഴല്‍കിണറുകളില്‍ നിന്നും ഇങ്ങനെ വെളളം ശേഖരിച്ച് ഫില്‍ട്ടര്‍ ചെയ്‌തെടുക്കാമെന്നാണ് ധന്‍വിന്‍ കൃഷ്ണയുടെ കണ്ടുപിടുത്തം.

നോര്‍ത്ത് ഇന്ത്യന്‍ ഭാഗങ്ങളില്‍ കൂടുതലും മോട്ടോര്‍ ഉപയോഗിച്ച് വെളളം കിണറുകളില്‍ നിന്നും ശേഖരിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് പലരും നേരിടുന്നത്. ധന്‍വിന്‍ കൃഷ്ണ മുന്നോട്ട് വച്ച ഈ ആശയം വളരെ ഉപയോഗപ്രദമായതിനാലാണ് മികച്ച ആശയമായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മുന്നോട്ട് വച്ച ആശയത്തിന്റെ പ്രൊജക്ട് രൂപമാണ് ഉളളത്. ഇവ ഇനി നിര്‍മ്മിച്ച് കാണിക്കേണ്ടതുണ്ട്.

മുയിപ്പോത്ത് സ്വദേശിയായ പ്രശാന്ത്, ദിവ്യ അധ്യാപകദമ്പതികളുടെ മകനാണ് ധന്‍വിന്‍കൃഷ്ണ.