പിഷാരികാവില്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രയിം ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍ തകര്‍ത്തതിനെതിരെ പരാതിയുമായി ദേവസ്വം ട്രസ്റ്റി ബോര്‍ഡ്; ക്ഷേത്രത്തിന്റെ പേരില്‍ നടത്തുന്ന അനധികൃത പണപ്പിരിവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യം


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ദേവസ്വം സ്ഥാപിച്ച കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പ് ഫ്രയിം ക്ഷേത്ര ക്ഷേമസമിതി പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി. നാലമ്പല നവീകരണവുമായി ബന്ധപ്പെട്ട ചിത്രം അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് വെക്കുന്നതിനായി സ്ഥാപിച്ച ഫ്രെയിമാണ് ഇന്നലെ വൈകുന്നേരം നശിപ്പിച്ചത്. ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളാണ് ഫ്രയിം തകര്‍ത്തതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisement

പിഷാരികാവ് ക്ഷേത്രത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവുകള്‍ നടത്തുന്ന ക്ഷേത്ര ക്ഷേമസമിതിയുടെ സാമ്പത്തിക സ്രോതസ്സിനെയും ഇടപാടിനെയും കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാലും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.കെ.പ്രമോദ് കുമാറും ആവശ്യപ്പെട്ടു. 2003-2004ന് ശേഷം പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി എന്ന സംഘടന രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. അങ്ങനെയുള്ള സംഘടന പിഷാരികാവ് ഭഗവതിയുടെ ഫോട്ടോ വെച്ച് പണപ്പിരിവ് നടത്തി ലഭിച്ച തുകകൊണ്ട് ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ മുന്‍വശം ആറ് സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്.

Advertisement

ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെ ഈ സ്ഥലത്ത് അനധികൃത ഷെഡ് നിര്‍മ്മാണം നടത്തുകയും പിഷാരികാവ് കലാക്ഷേത്രം എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയും ചെയ്യുന്നു. കേസ് നിലനില്‍ക്കുന്ന ഭൂമിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച ഷെഡ് പൊളിച്ചുമാറ്റാന്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. ദേവസ്വം നടത്തുന്ന വികസന നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ നിരന്തരമായി കോടതിയെ സമീപിക്കുകയും ദേവസ്വത്തിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുകയാണിവര്‍. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വികസന വിരോധികളായ ഈ സമിതിയെ ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും വ്യാജ പണപ്പിരിവില്‍ വഞ്ചിതരാവരുതെന്നും ട്രസ്റ്റി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

Advertisement

Summary: Devaswom Trustee Board files complaint against Temple Welfare Committee office bearers for destroying iron frame installed in Pisharikavu;