കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിന്റെ ദുരൂഹ മരണം; വീട്ടില്‍ നിന്നും പോയത് സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍, മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ കുറുവങ്ങാട് സ്വദേശിയായ അമല്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അമലിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ലഹരിക്ക് അടിമയായിരുന്ന അമല്‍ കഴിഞ്ഞ കുറച്ചുകാലമായി ലഹരിവിമുക്ത ചികിത്സതേടിയിരുന്നെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറില്ലെന്നും അമ്മ ഗംഗ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ വീണ് മരിച്ചുവെന്ന പ്രചരണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നാണ് സഹോദരി ഉണ്ണിമായയും പറയുന്നത്.
മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് അമലിനെ സ്റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം ഉച്ചയോടെ കുറുവങ്ങാടുള്ള വീട്ടില്‍ നിന്നും പോയതായിരുന്നു അമല്‍. സ്റ്റേഡിയത്തില്‍ അമേലിന്റെ മൃതദേഹത്തിന് അരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സുഹൃത്ത് മന്‍സൂറിന്റെ വീട്ടില്‍ നിന്നും ഉമ്മ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമല്‍ വീട്ടില്‍ നിന്നും പോയതെന്ന് സഹോദരി പറയുന്നു. മന്‍സൂറിന്റെ ഭാര്യ സുഖമില്ലാതെ ബോധമറ്റുവീണുവെന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. മന്‍സൂര്‍ തലശേരിയിലാണുള്ളതെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോയെന്നും ചോദിച്ചു. തുടര്‍ന്ന് അമല്‍ മന്‍സൂറിന്റെ വീട്ടിലെത്തിയശേഷം മന്‍സൂറിന്റെ ഭാര്യയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയാണെന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം അമല്‍ ഇടയ്ക്കിടെ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നെന്നും സഹോദരി വ്യക്തമാക്കി.
പിന്നീട് മന്‍സൂറും ആശുപത്രിയിലെത്തി. അവിടെ നിന്നും രാത്രിയോടെ മന്‍സൂറിന്റെ കുടുംബത്തിനൊപ്പം അമല്‍ കൊയിലാണ്ടിയിലേക്ക് തിരിച്ചു. പത്തുമണിയോടെ കോഴിക്കോട് നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കൊയിലാണ്ടിയിലേക്ക് വരുന്നുണ്ട് എന്ന് വിളിച്ചറിയിച്ചിരുന്നു. കൊയിലാണ്ടിയിലെത്തിയശേഷം അമല്‍ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് മന്‍സൂറിന്റെ ഭാര്യ വിളിച്ചുപറഞ്ഞു. എന്നാല്‍ പിന്നീട് അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഉണ്ണിമായ പറയുന്നത്. അന്നേദിവസം സ്‌റ്റേഡിയത്തില്‍വെച്ച് അമല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് കണ്ടിട്ടില്ലെന്നാണ് മന്‍സൂര്‍ തങ്ങളോട് പറഞ്ഞത്. ഒരുമിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് പൊലീസിന് മൊഴി നല്‍കിയത് പേടിച്ചിട്ടാണെന്നും പറഞ്ഞിരുന്നെന്ന് സഹോദരി ആരോപിക്കുന്നു. അമല്‍ സൂര്യയുടെ മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തി യുക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.