വടകരയിൽ നിന്ന് കുടുംബത്തോടൊപ്പം ആഘോഷമായി മൂന്നാറിലേക്ക് നടത്തിയ വിനോദയാത്രയിൽ കാത്തിരുന്നത് മരണം; നാടിന് നോവായി രൂപേഷിന്റെ അവസാന യാത്ര


വടകര: കുടുംബത്തോടൊപ്പം സന്തോഷത്തോടെ മൂന്നാറലേക്ക് വിനോദയാത്ര പോയ കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ (43) അപ്രതീക്ഷിത മരണം നാടിനെ മുഴുവന്‍ സങ്കടക്കടലിലാക്കി. നാടിന്റെ എന്താവശ്യത്തിനും ഊര്‍ജസ്വലനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രൂപേഷിനെ അവസാനമായി കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ നിരവധിപേരാണ് രാത്രി ഏറെ വൈകിയും വീട്ടിലെത്തിയത്.

വടകരയിലെ ഭാര്യ വീട്ടില്‍ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട സംഘത്തില്‍ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ മൂന്നാറിലെ കുണ്ടല പുതുക്കുടി ഭാഗത്ത് വെച്ചുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലാണ് രൂപഷിന്റെ ജീവന്‍ അപഹരിച്ചത്.  ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കൂടെയുണ്ടായിരുന്ന രൂപേഷിന്റെ ഭാര്യയും കുഞ്ഞും രക്ഷിതാക്കളുമുള്‍പ്പെടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും രൂപേഷിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ തീവ്ര തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഞായറ്ഴ്ച കണ്ടെത്തിയ  മൃതദേഹം രാത്രി ഒമ്പതരയോടെ വീട്ടില്‍ എത്തിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

രൂപേഷും ഭാര്യ കിരണും സ്റ്റേഡിയത്തിന് സമീപം കോച്ചിംഗ് സെന്ററായ മാസ്റ്റേഴ്‌സ് അക്കാഡമി നടത്തുകയായിരുന്നു. ഏറെക്കാലം ഗള്‍ഫില്‍ കെമിക്കല്‍ എന്‍ജിനീയറായിരുന്നു. റിട്ട. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പരേതനായ രാമചന്ദ്രന്‍ കല്ലടയുടെ മകനാണ്. മാതാവ് റീനി (റിട്ട. മെഡിക്കല്‍ കോളേജ് ലാബ്). മകള്‍: സ്തുതി. സഹോദരന്‍: രാജേഷ് കല്ലട (ചോളമണ്ഡലം).