ചിരിച്ച് കളിക്കാന്‍ തന്‍വി ഇനി അവര്‍ക്കൊപ്പമില്ല; ഉള്ള്യേരി ആനവാതിലില്‍ കടല തൊണ്ടയില്‍ കുടുങ്ങി മരിച്ച തന്‍വിക്ക് നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി


കൊയിലാണ്ടി: രാത്രി കുടുംബാഗങ്ങള്‍ക്കൊപ്പം സന്തോഷമായി കടല പങ്കിട്ടു കഴിക്കുകയായിരുന്നു തൻവി, എന്നാൽ അതൊരു ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരും അറിഞ്ഞില്ല. അതേ കടല തന്‍വിയുടെ ജീവൻ അപഹരിക്കുകയായിരുന്നു. ഏകമകള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടുകയാണ് ആനവാതില്‍ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണും ഭാര്യ ശരണ്യയും. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും.

ഇന്നലെ രാത്രി 9 മണിയോടെ പ്രവീണിന്റെ വീട്ടിലിരുന്നു കടല കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കടല കുടുങ്ങുകയായിരുന്നു. ഉടനെ കുട്ടിയെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും മെഡിക്കല്‍ കോളേജിലേക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടത് പ്രകാരം പോകും വഴിയാണ് മരണം സംഭവിച്ചത്. രണ്ട് കടല തൊണ്ടയില്‍ കുടുങ്ങിയതാണ് തന്‍വിയെ മരണത്തിലേക്ക് നയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

മിലിട്ടറിയിലാണ് തന്‍വിയുടെ അച്ഛന്‍ പ്രവീണ്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ തവണ തന്നോടൊപ്പം ആടിയും പാടിയും കളിച്ചു ചിരിച്ചു നടന്നിരുന്ന തന്‍വി തിരികെ വരാനാകാത്ത പുതിയ ലോകത്തേക്ക് പോയതിന്റെ ഞെട്ടലിലാണ് പ്രവീണ്‍. എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിക്കാറുള്ള തന്‍വിയുടെ മുഖമാണ് എല്ലാവരുടെ മനസിലും. നിറഞ്ഞ കണ്ണുകളോടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ എല്ലാവരും തന്‍വിക്ക് യാത്ര നല്‍കി.