പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് മരണങ്ങള്‍; കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു
കൊയിലാണ്ടി: ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ കൂടുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് ട്രെയിന്‍ തട്ടി മരിച്ചത്.
ഒക്ടോബര്‍ പതിനാറിന് മൂടാടി ഹില്‍ബസാര്‍ സ്വദേശിയായ രതീഷ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി റെയില്‍വേഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു മൃതദേഹം കണ്ടത്. തീവണ്ടിയ്ക്ക് മുന്നിലേക്ക് ഇയാള്‍ ചാടുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ റെയില്‍വേ ഗേറ്റ്മാന്‍ പറഞ്ഞത്.
ഈ സംഭവത്തിന് നാലുദിവസത്തിനിപ്പുറം ഒക്ടോബര്‍ 21ന് ചെങ്ങോട്ടുകാവില്‍ എടക്കുളം സ്വദേശിയായ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. പൂളത്താന്‍വീട് അമ്പലത്തിന് സമീപത്തായുള്ള ട്രാക്കിലായിരുന്നു മൃതദേഹം കണ്ടത്.
ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണങ്ങളാണ് ഇത്തരത്തില്‍ കൊയിലാണ്ടി നഗരത്തിലുണ്ടായത്. 25ന് രാത്രി ഏഴരയോടെ കൊയിലാണ്ടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തായി ബപ്പന്‍കാട് പെരുവട്ടൂര്‍ സ്വദേശി അരവിന്ദനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും മറ്റൊരു മൃതദേഹം കണ്ടെത്തി. ഇയാളുടെ ഒരു കാല്‍ കൃത്രിമ കാലാണ്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേ ദിവസം രാത്രി 11.30 ഓടെ പൊയില്‍ക്കാവില്‍ വയോധികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടിയാണ് മരിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങളില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.[mid5]