സംസ്ഥാനത്ത് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു; ഈ വര്‍ഷം ഇതുവരെയുണ്ടായത് 19 മരണം; തെരുവു നായയുടെ കടിഏറ്റാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിയാം
കൊയിലാണ്ടി: തെരുവ് നായകളുടെ കടിയേറ്റ് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 19 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇന്ത്യയില്‍ പേവിഷബാധ മൂലം 18000 – 20000 മരണം വരെ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ കൃത്യമായ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ള നായ ആണെങ്കില്‍ അണുബാധയുടെ സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൃത്യമായ നിര്‍ണ്ണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. വളര്‍ത്തു നായയുടെ കടിയേല്‍ക്കുകയും നായയില്‍ അസാധാരണമായ പെരുമാറ്റ രീതികളില്‍ അടുത്തകാലത്തായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഉറപ്പായും എത്രയും വേഗം ഡോക്ടറെ സമീപിക്കുകയും നായയെ മൃഗ ഡോക്ടറെ കാണിക്കുകയും വേണം.
നായയുടെ കടിയേറ്റ് ആദ്യത്തെ 10 – 20 ദിവസത്തില്‍ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. അണുബാധയേറ്റ് 20 – 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയില്‍ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്.
വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
നായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ എത്രത്തോളം അണുബാധ സാധ്യത ഉണ്ടെന്നുള്ളത് മൂന്ന് ആയി തിരിക്കാം. തൊലിപ്പുറമേ നായയുടെ ഉമിനീര്‍ സമ്പര്‍ക്കം വരികയാണെങ്കില്‍ അതില്‍ അപകടസാധ്യത വളരെ കുറവാണ്. തൊലിപ്പുറമേ ഒരു പോറല്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ ചെറിയ മുറിവ് ഉണ്ടാവുകയോ, ഈ മുറിവില്‍ നായ നക്കുകയോ, പല്ല് കൊള്ളിക്കുകയോ ചെയ്താല്‍ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്നു.
ആഴത്തിലുള്ള കടിയേല്‍ക്കുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്യുകയാണെങ്കില്‍ അണുബാധ സാധ്യത വളരെ കൂടുതലാണ്. കയ്യിലോ അല്ലെങ്കില്‍ മുഖത്തോ ഏല്‍ക്കുന്ന കടിയാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇത് വളരെ പെട്ടെന്നു തന്നെ മസ്തിഷ്‌കത്തിലേയ്ക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിക്കുന്നു.
നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും ഇവയെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ല. തെരുവ് നായകളെ വന്ദ്യംകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ട്. വന്ദ്യംകരിക്കാനായി എ.ബി.സി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ഇവയുടെ കടിയേറ്റുള്ള അപായങ്ങള്‍ വര്‍ധിക്കുകയാണ്.