മണലാരണ്യത്തില്‍ മാത്രമല്ല, ഇങ്ങിവിടെ നടുവണ്ണൂരിലും ഈന്തപ്പഴം കായ്ക്കും; കൗതുകമായി വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച ഈന്തപ്പഴങ്ങള്‍


സ്വന്തം ലേഖകൻ

നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്.

ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും… ഈന്തപ്പഴ കൃഷി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന്.

ഈന്തപ്പനകള്‍ക്ക് വളരാന്‍ അനുകൂലമല്ലാത്ത കാലാവസ്ഥയാണ് നമ്മുടെത് എന്നതാണ് ഇതിലെ വെല്ലുവിളി. എങ്കിലും അപൂര്‍വ്വമായി ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ ഈന്തപ്പന കൃഷിയുണ്ട്. എന്നാല്‍ അതെല്ലാം നമുക്ക് പെട്ടെന്ന് പോയി കാണാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ്.

പക്ഷേ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴം കാണാന്‍ ഒരവസരം ഉണ്ടായിരിക്കുകയാണ്. നടുവണ്ണൂരിലാണ് ഈന്തപ്പഴം കായ്ച്ചിരിക്കുന്നത്. ഒതയോത്ത് ‘അല്‍ദാന’യില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചിരിക്കുന്നത്.

മൂന്നുകൊല്ലം മുമ്പാണ് അസീസ് ഈന്തപ്പനയുടെ രണ്ട് തൈകള്‍ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ടത്. ആ സമയത്ത് തൈകള്‍ വളരുമെന്ന് പോലും ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.

എങ്കിലും തൈകളെ വീട്ടുകാര്‍ പരിപാലിച്ചു. അബ്ദുള്‍ അസീസ് പ്രവാസലോകത്തേക്ക് തിരികെ പോയപ്പോള്‍ കുടുംബമാണ് തൈകള്‍ പരിപാലിച്ചത്. അസീസിന്റെ ഭാര്യ സമീറ, മക്കള്‍ സഹല്‍, റസല്‍, മിഫ്‌സാല്‍ എന്നിവരും ഉപ്പയായ കുഞ്ഞാറുവുമെല്ലാം തൈകള്‍ക്ക് വെള്ളവും വളവും നല്‍കി.

ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ തൈകളിലൊന്ന് കായ്ച്ചിരിക്കുകയാണ്. കുലകളിലായി തൂങ്ങിക്കിടക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇപ്പോള്‍ അസീസിന്റെ വീട്ടുമുറ്റത്ത് കാണാന്‍ കഴിയുന്നത്. നമ്മുടെ നാട്ടില്‍ ഈന്തപ്പഴം ഉണ്ടായ കാഴ്ച കാണാനായി പലരും ഇവിടെ എത്തുന്നുണ്ട്.

 

‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണെത്തിയത്, കഴിക്കാൻ പാകമാകാൻ കാത്തിരിക്കുകയാണ്’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)