മൈക്ക് ഓഫായി, മൂര്‍ഖനെ ‘മൈക്കാക്കി’ ക്ലാസ് തുടര്‍ന്നു; മെഡിക്കല്‍കോളജില്‍ വാവസുരേഷിന്‍റെ അപകടകരമായ പ്രകടനം, കേസെടുത്ത് വനം വകുപ്പ്



കോഴിക്കോട്:
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ അതിഥിയായി ക്ഷണിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ശാസ്ത്രീയാടിത്തറയില്ലാതെയും സുരക്ഷാ മുന്‍കരുതല്‍ കൂടാതെയും വാവസുരേഷ് തന്റെ പതിവുരീതിയില്‍ കോണ്‍ഫറന്‍സിനിടയില്‍ വിഷപ്പാമ്പുപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്‌നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാന കോണ്‍ഫറന്‍സിലാണ് അതിഥിയായി വാവ എത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ക്ലിനിക്കല്‍ നഴ്‌സിങ് എജ്യുക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് പ്രഭാഷകനായി എത്തിയത്. പരിപാടിക്കിടെ മൈക്ക് ഓഫായ സമയത്ത് പോഡിയത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നതിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ശാസ്ത്രീയാടിത്തറയിലൂന്നി തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നുവന്ന മെഡിക്കല്‍ കോളേജ് പോലൊരു സ്ഥാപനത്തിലേക്ക് പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന വാവ സുരേഷിനെ കൊണ്ടുവന്നത് അപലപനീയമാണെന്നാണ് എസ്.എഫ്.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാമ്പുകളെ പിടിച്ച് വലിയ ജനക്കൂട്ടത്തിന് നടുവില്‍ ഭയാനകമാം വിധം പ്രദര്‍ശനം നടത്തുന്ന വാവ സുരേഷിന്റെ രീതികളെക്കുറിച്ച് നേരത്തേ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. ആരോഗ്യരംഗത്തെയും വന്യജീവി സംരക്ഷണ മേഖലകളിലെയും നിരവധി പേര്‍ ഈ പ്രവണതയെ ചോദ്യംചെയ്ത് മുന്നോട്ട് വരികയുണ്ടായി. ജനങ്ങള്‍ക്കും പാമ്പിനുമെല്ലാം ഒരു പോലെ അപകടകരമാണ് വാവ സുരേഷിന്റെ രീതികളെന്ന് പല തവണ തെളിയിക്കപ്പെട്ടതാണ്. പലതവണ പാമ്പുകടിയേറ്റ വാവ സുരേഷിന്റെ വിരല്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലും വാവ സുരേഷ് പാമ്പ് കടിയേറ്റ് ഗുരുതരാവസഥയിലായിരുന്നു.

‘സ്നേക്ക് മാസ്റ്റര്‍’ എന്ന പേരില്‍ ടെലിവിഷന്‍ ചാനലില്‍ വാവ സുരേഷ് നടത്തിയ പരിപാടിക്കെതിരെയും എതില്‍പ്പുകളുണ്ടായിട്ടുണ്ട്. ഒരു സ്ഥലത്ത് പാമ്പിനെ പിടിക്കാന്‍ പോകുന്നതും പിടിച്ച ശേഷം ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതുമായിരുന്നു പരിപാടിയുടെ ഉള്ളടക്കം. വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിക്കെതിരെ വനം വകുപ്പു പോലും രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ പാമ്പുകളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന വ്യക്തി വാവ സുരേഷാണെന്ന് പറഞ്ഞ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായരും വാവ സുരേഷിനെതിരെ നിശിത വിമര്‍ശനം നടത്തിയിരുന്നു.  . കേരളത്തില്‍ പാമ്പ് പിടുത്തത്തിന് ലൈസലന്‍സുള്ള 850 പേരാണ് നിലവിലുള്ളതെന്നും എന്നാല്‍ വാവ സുരേഷിന് പാമ്പ് പിടിക്കാന്‍ ലൈസന്‍സില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയുടെ പൂര്‍ണരൂപം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.എം.സി.എച്ച് നിള ഹാളില്‍ വച്ച് ക്ലിനിക്കല്‍ നേഴ്‌സിങ് എജ്യുക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌നേക്ക് ബൈറ്റ് വിഷയത്തിലെ സംസ്ഥാന കോണ്‍ഫറന്‍സില്‍ വിഷയം കൈകാര്യം ചെയ്യാന്‍ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണ്.
തീര്‍ത്തും സുരക്ഷിതമല്ലാതെ, ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പരിപാടിയില്‍ നടക്കുകയുണ്ടായി. ശാസ്ത്രീയ അടിത്തറയില്‍, തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച, മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിതെല്ലാം. മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ട്.