രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കാരയാട് സ്വദേശി ഉൾപ്പെടെ 11 മലയാളികൾക്ക്; സ്തുത്യർഹ സേവനത്തിന് മെഡൽ നേടി സൈബര്‍ സെല്‍ എസ്‌ഐ പി കെ സത്യന്‍


കൊയിലാണ്ടി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി കാരയാട് സ്വദേശി പി കെ സത്യന്‍. സൈബര്‍ സെല്‍ എസ്‌ഐയായ പി കെ സത്യന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് പത്തു പേരാണ് ഇക്കുറി മെഡലിന് അർഹരായത്.

വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി ആര്‍ മഹേഷിന് ലഭിച്ചു. മലയാളിയായ സിഐഎസ്എഫ് ഇൻസ്പെക്ടർ ബെന്നി വർഗീസിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുണ്ട്.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് പി കെ സത്യന്‍ ഉൾപ്പെടെ കേരളാ പൊലീസിലെ ഒമ്പത് പേർക്കാണ് ലഭിച്ചത്. സോണി ഉമ്മൻ കോശി (അഡീ. എസ്പി, കൊല്ലം), സി.ആർ‌.സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആർ.അജീഷ് (ഇൻസ്പെക്ടർ, തിരുവനന്തപുരം), ആർ.ജയശങ്കർ (എഎസ്ഐ, തിരുവനന്തപുരം), എസ്.ശ്രീകുമാർ (എസ്ഐ, തിരുവനന്തപുരം), എൻ.ഗണേഷ് കുമാർ (ഇൻസ്പെക്ടർ, ആംഡ് പൊലീസ്, തിരുവനന്തപുരം), എൻ.എസ്.രാജഗോപാൽ (എസ്ഐ, ആംഡ് പൊലീസ്, തിരുവനന്തപുരം), എം.ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം) എന്നിവരാണ് മെഡൽ നേടിയവർ.


ALSO READ- വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അർഹരായവരിൽ തുറയൂർ സ്വദേശി കെ ഹരീഷും


കോഴിക്കോട് റൂറലിലെ സൈബർ സെൽ എസ്ഐയാണ് കാരയാട് പുതിയോട്ടുകണ്ടിയിലെ പി.കെ.സത്യൻ. മൂന്ന് പതിറ്റാണ്ടുകൾ നീണ്ട പോലീസ് ജീവിതത്തിനിടയിൽ പ്രമുഖമായ നിരവധി കേസുകളുടെ ഭാ​ഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. പരേതരായ കുഞ്ഞിരാമൻ നായരുടെയും ലക്ഷിഅമ്മയുടെയും മകനാണ്. ഭാര്യ: ഷിന. മക്കൾ: അമർനാഥ് എസ് നായർ, അനർഘയ എസ് നായർ.

Summary: cyber cell si p k sathyan got presidents police medal