കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്



വടകര:
വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി.

പേരാമ്പ്ര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച് അസ്ലമിനെതിരെ സമാന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചതിനായിരുന്നു നടപടി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങളും വ്യാജവീഡിയോകളും പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്താനും തെറ്റിദ്ധാരണ പടര്‍ത്താനും യു.ഡി.എഫ് ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് കെ.കെ.ശൈലജ ടീച്ചര്‍ പരാതി നല്‍കിയത്. പരാതിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന്റെ അറിവോടെയും ആശിര്‍വാദത്തോടെയുമാണ് വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതെന്നാണ് എല്‍.ഡി.എഫ് ആരോപണം. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരുന്നത്.