കുസാറ്റ് അപകടം; മരിച്ചവരില്‍ ഒരാള്‍ താമരശ്ശേരി സ്വദേശിനി


കൊച്ചി: കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. താമരശ്ശേരി സ്വദേശി സാറ തോമസ്, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍റുഫ്ത, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ്‌ എന്നിവരാണ് മരിച്ചത്‌. ഇവരില്‍ മൂന്ന് പേര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

പരിക്കേറ്റ് ആശുപത്രിയിലുള്ളവരില്‍ നാല് പെണ്‍കുട്ടികളുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് പേരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിസാണ്.

ധിക്ഷണ എന്ന പേരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ടെക് ഫെസ്റ്റിനിടെ രാത്രി 7മണിയോടെയായിരുന്നു അപകടം. ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടക്കുകയായിരുന്നു. ഇതിനിടെ മഴ പെയ്തപ്പോള്‍ പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി ഓടിയപ്പോഴാണ് അപകടമുണ്ടായത്.

അറുന്നൂറോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. താഴേക്ക് പടിക്കെട്ടുള്ള ഓഡിറ്റോറിയത്തില്‍ ആദ്യ എത്തിയവര്‍ തിരക്കില്‍പ്പെട്ട് വീഴുകയും പിന്നാലെ എത്തിയവര്‍ ഇവര്‍ക്ക് മുകളില്‍ വീഴുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.