സാധനം വാങ്ങാൻ ഇറങ്ങിയ ആൾ തിരികെ കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി, ഓടിക്കയറുന്നതിനിടെ തെന്നിവീണു, യുവാവിന് രക്ഷകനായി വടകരയിലെ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മഹേഷ്
വടകര: വടകരയിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മഹേഷിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രം ട്രെയിന്‍ യാത്രക്കാരന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. വടകരയില്‍ സ്റ്റോപ്പ് ഇല്ലാതിരുന്ന ഗാന്ധിധാം-തിരുനെല്‍വേലി ഹംസാഫര്‍ എക്‌സ്പ്രസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ അനൂപ് ശങ്കര്‍ എന്ന യാത്രക്കാരനെയാണ് ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മഹേഷ് രക്ഷപ്പെടുത്തിയത്.
സാധനം വാങ്ങാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോഴാവട്ടെ യാത്രക്കാരന്‍ തെന്നി വീഴുന്ന നിലയിലായി. ഈ സമയം പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മഹേഷ് ഇയാളുടെ രക്ഷക്കെത്തുകയായിരുന്നു. പിടികൂടാന്‍ ശ്രമിച്ച മഹേഷ് വഴുതി വീണതിനു പിന്നാലെ യാത്രക്കാരനും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ മഹേഷിനും യാത്രക്കാരനും നിസാര പരിക്ക് പറ്റി ഇയാളുടെ ഭാഗ്യവും മഹേഷിന്റെ സമയോചിതമായ ഇടപെടലുമാണ് രക്ഷയായത്.
അപകടം ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യുവാവ് ഇതേ ട്രെയിനില്‍ യാത്രതുടര്‍ന്നു. പനവേലില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍.
ഇതിനു മുമ്പ് പരശുറാം എക്‌സ്പ്രസില്‍ കയറുന്നതിനിടയില്‍ വീണ പെണ്‍കുട്ടിയെയും മഹേഷ് രക്ഷപ്പെടുത്തിയിരുന്നു. പിണറായി സ്വദേശിയാണ് മഹേഷ്.
Summary: rpf officer mahesh rescued a youngman from train accident in vadakara