പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത പ്രിയ സഖാവ്, എ.കെ.ജിക്കൊപ്പം വളണ്ടിയര്‍ സേനയില്‍; നന്തിയിൽ അന്തരിച്ച സഖാവ് താനിപ്പൊയിൽ ഖാദറിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാട്
കൊയിലാണ്ടി: മരിക്കും വരെയും പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിച്ച, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച സഖാവ്. നന്തിയിലെ അന്തരിച്ച മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ താനിപൊയില്‍ ഖാദറിനെക്കുറിച്ച് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടി വളണ്ടയറായി രാഷ്ട്രീയത്തിലേക്ക് കടന്ന ഖാദര്‍ പിന്നീട് പാര്‍ട്ടിക്കൊപ്പം വളരുകയായിരുന്നു.
അന്നത്തെ കാലത്ത് പാർട്ടി ജാഥകള്‍ക്കും പൊതുയോഗങ്ങൾക്കും മുൻപിൽ പെട്രോമാക്സ് വിളക്കുമായി നടക്കുക സഖാവിന്റ ചുമതലയായിരുന്നു. മാത്രമല്ല പാര്‍ട്ടി പരിപാടികള്‍ക്ക് എന്നും ചുവപ്പ് ഷര്‍ട്ടായിരുന്നു അക്കാലത്ത് സഖാവ് ധരിച്ചിരുന്നത്.
എ.കെ.ജിക്കൊപ്പം വളണ്ടിയർ സേനയിൽ പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ചിരുന്നു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുമ്പ് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ‘കനല്‍ വഴികളിലൂടെ’ എന്ന ചരിത്ര പ്രദര്‍ശനത്തിനിടെയാണ് ഇക്കാര്യം പലരും അറിഞ്ഞത്. പ്രദര്‍ശനനഗരിയിലെത്തിയ ഖാദര്‍ എ.കെ.ജിക്കൊപ്പമുള്ള ഫോട്ടോ കണ്ട് അത് താനാണ് എന്ന് കൂടെയുള്ളവരോട് പറഞ്ഞു. സംഭവമറിഞ്ഞ് സംഘാടക സമിതി വിശദമായി ചോദിച്ചപ്പോഴാണ് എ.കെ.ജി ക്കൊപ്പം തോളില്‍ കൈ വച്ച് നില്‍ക്കുന്ന പയ്യന്‍ അബ്ദുള്‍ ഖാദര്‍ ആണെന്ന് മനസിലായത്.
അക്കാലത്ത് എകെജിയും ബീഡിപ്പിള്ളേരും ചേര്‍ന്ന് നാട് നശിപ്പിക്കുന്നെന്നായിരുന്നു എതിരാളികള്‍ പറഞ്ഞിരുന്നത്. അങ്ങനെയിരിക്കെ കൊളാവിപ്പാലത്ത് വച്ച് എകെജിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയതായിരുന്നു ആ ചിത്രം. ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെ വേദിയില്‍ കയറി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തിരുന്നു അന്ന് ഖാദര്‍. പിറ്റേന്നത്തെ പത്രങ്ങളില്‍ അബ്ദുള്‍ ഖാദറും ആ ഫോട്ടോയുമായിരുന്നു പ്രധാന താരങ്ങള്‍.
അബ്ദുള്‍ ഖാദറിന്റെ വിയോഗത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് വീട്ടിലും പള്ളിയിലും എത്തിച്ചേര്‍ന്നത്.