ആർ.എസ്.എസിന്റെ ബാലഗോകുലം മാതൃ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു; കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം


കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുകയും കേരളം ഉത്തരേന്ത്യയെക്കാള്‍ പിന്നിലാണെന്ന് പറയുകയും ചെയ്ത കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പിനെ തള്ളി സി.പി.എം. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് മേയറുടെ നലപാട് പാര്‍ട്ടി തള്ളുന്നതായി പ്രസ്താവനയിറക്കിയത്. ആര്‍.എസ്.എസ്സിന്റെ ഭാഗമായ ബാലഗോകുലത്തിന്റെ വേദിയിലെത്തിയാണ് ബീന ഫിലിപ്പ് വിവാദ പ്രസ്താവന നടത്തിയത്.

‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.എം തീരുമാനിച്ചു.’ -ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തിലാണ് കോഴിക്കോട് മേയര്‍ പങ്കെടുത്തത്. ശിശുപരിപാലനത്തില്‍ കേരളം ഉത്തരേന്ത്യയെക്കാള്‍ പിന്നിലാണ് എന്നാണ് അവര്‍ പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തേക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെ കുറിച്ചാണെന്നും പിന്നീട് ബീന ഫിലിപ്പ് വിശദീകരിച്ചു.

ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മേയറെ തള്ളി സി.പി.എം രംഗത്ത് വന്നത്.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..