തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിച്ച് സി.പി.എം; മധുരയിലും ദിണ്ടിഗല്ലിലും വന്‍ഭൂരിപക്ഷത്തോടെ ജയം


ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിനൊപ്പം നിന്നു മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആധികാരിക വിജയത്തിലേക്ക്. മധുരയിലും ദിണ്ടിഗല്ലിലുമാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മധുരയില്‍ എസ്.വെങ്കിടേശന്‍ വിജയിച്ചപ്പോള്‍ ദിണ്ടിഗല്ലില്‍ ആര്‍.സച്ചിദാനന്ദം വന്‍ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു.

മധുരയില്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ക്കാണ് എസ്.വെങ്കിടേശന്‍ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാമ ശ്രീനിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മധുരയിലെ സിറ്റിംഗ് എം.പിയാണ് വെങ്കിടേശന്‍.

മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് മുന്നിലാണ് ദിണ്ടിഗല്ലില്‍ സച്ചിദാനന്ദം. സി.പി.എം ദിണ്ടിഗല്‍ ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം. എ.ഐ.എ.ഡി.എം.കെയുടെ മുഹമ്മദ് മുബാറക്കാണ് രണ്ടാം സ്ഥാനത്ത്. ഭൂരിപക്ഷത്തിന്റെ പകുതി വോട്ട് പോലും അദ്ദേഹത്തിന് നേടാനായിട്ടില്ല. ഡി.എം.കെ സ്ഥാനാര്‍ത്ഥി പി.വേലുസ്വാമി അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ മാര്‍ജിനില്‍ 2019ല്‍ ജയിച്ച മണ്ഡലമാണ് ദിണ്ടിഗല്‍.