പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം; വടകരയില്‍ കെ.കെ. ശൈലജ, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ


വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം.  വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ  സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല.
പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ തുടങ്ങി പരിചയ സമ്പന്നകരായ മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കി പരമാവധി സീറ്റുറപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷും. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്കും ആലപ്പുഴയിൽ സിറ്റിംഗ് എംപി എ.എം.ആരിഫും മത്സരിക്കുമെന്നാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവനും  ആലത്തൂർ കെ.രാധാകൃഷ്ണനും മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ തീരുമാനമായത്.

കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ നിന്ന് എളമരം കരീമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്.  കണ്ണൂരില്‍  എം. വി.ജയരാജനും കാസര്‍കോട് എൻ.വി ബാലകൃഷ്ണനും മത്സരിക്കും.