‘കൊയിലാണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുത്ത സഖാവ്, മരണം വരെ അടിയുറച്ച പാർട്ടിക്കാരൻ’; സി.പി.എം നേതാവായിരുന്ന ടി.ഗോപി മാസ്റ്ററെ അനുസ്മരിച്ചു
കൊയിലാണ്ടി: സി.പി.എം നേതാവായിരുന്ന ടി.ഗോപി മാസ്റ്ററെ അനുസ്മരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥൻ അധ്യക്ഷനായി. മുൻ എം.എൽ.എ കെ.ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, എൽ.ജി.ലിജീഷ്, പി.കെ.ഭരതൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച നേതാവായ ഗോപി മാസ്റ്ററുടെ അഞ്ചാം ചരമവാർഷികമായിരുന്നു ഇന്ന്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ കൊയിലാണ്ടിയിലെ പാർട്ടിയെ നയിച്ച അദ്ദേഹം അധ്യാപക പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
അധ്യാപക പ്രസ്ഥാനത്തിൽ നിന്ന് പാർട്ടി നേതാവായി ഉയർന്ന അദ്ദേഹം മികച്ച സംഘാടകനും പ്രക്ഷോഭകാരിയുമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പൊലീസും ഗുണ്ടകളും നടത്തിയ മർദ്ദനങ്ങളെ ചെറുത്തു നിന്ന ഗോപി മാസ്റ്റർ മരണം വരെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ഗോപി മാസ്റ്ററുടെ ഓർമ്മ പുതുക്കുന്ന ഈ സമയത്ത് വലിയ വെല്ലുവിളികളാണ് ജനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് സി.പി.എം അനുശോചനക്കുറിപ്പിൽ പറഞ്ഞു. പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാനുള്ള കടമ ഏറെറടുക്കുക എന്നതാണ് ഗോപി മാസ്റ്ററെ അനുസ്മരിക്കുമ്പോഴെടുക്കാനുള്ള പ്രതിജ്ഞയെന്നും സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.