ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും ലളിത ജീവിതത്തിലൂടെ മാതൃകയായി; മരണാനന്തരം ചടങ്ങുകളെ കുറിച്ചും സ്മാരകത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട്, എല്ലാം യാഥാര്‍ത്ഥ്യമാക്കി പാര്‍ട്ടി; വടകരയിലെ കേളപ്പേട്ടന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു
വടകര: ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനെ നയിച്ച എം.കേളപ്പന്‍ എന്ന കേളപ്പേട്ടന് സ്മാരകമുയര്‍ന്നു. വടകര പണിക്കോട്ടിയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ഭൗതികശരീരം അടക്കം ചെയ്ത കല്ലറയ്ക്ക് സമീപം തന്നെയാണ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരകം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇന്നലെയായിരുന്നു കേളപ്പേട്ടന്റെ മൂന്നാം ചരമദിനം. അതോടനുബന്ധിച്ചാണ് കേളപ്പേട്ടന്‍ സ്മാരകവും ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും വന്നിരുന്ന് വിശ്രമിക്കാനും പരസ്പരം സംസാരിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമായുള്ള ഒരിടമാണ് തന്റെ സ്മാരകമായി വേണ്ടത് എന്നായിരുന്നു കേളപ്പേട്ടന്റെ ആഗ്രഹം. കാലയവനികയ്ക്കുള്ളില്‍ മാഞ്ഞ് രണ്ട് വര്‍ഷത്തിനിപ്പുറം പാര്‍ട്ടി അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കിയിരിക്കുകയാണ്.
താന്‍ മരിച്ചാല്‍ മതപരമായ ചടങ്ങുകളൊന്നും പാടില്ല എന്നും ദഹിപ്പിക്കുന്നതിന് പകരം കല്ലറയില്‍ അടക്കം ചെയ്യണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നേരത്തേ തന്നെ തന്റെ പ്രിയപ്പെട്ടവരോട് പറഞ്ഞേല്‍പ്പിച്ചതാണ് സ്മാരകത്തിന്റെ കാര്യവും. വലിയ ഓഫീസ് കെട്ടിടങ്ങളോ പ്രതിമകളോ അല്ല, പകരം സാധാരണക്കാര്‍ക്ക് സമയം ചെലവഴിക്കാനും വിശ്രമിക്കാനുമുള്ള ഒരിടമാണ് തന്റെ പേരിലുയരേണ്ടത് എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഒടുവില്‍ സാധ്യമായിരിക്കുകയാണ്.
കാളപൂട്ട് തൊഴിലാളി എന്ന നിലയിലാണ് കേളപ്പേട്ടന്‍ ജീവിതം ആരംഭിച്ചത്. പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം പതിനൊന്ന് വര്‍ഷം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. എഴുത്തുകാരന്‍ കൂടിയായിരുന്ന അദ്ദേഹം എം.കെ.പണിക്കോട്ടിയെന്ന പേരിലും അറിയപ്പെട്ടിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് നാടകം, നോവല്‍, ബാലകഥകള്‍, കവിതകള്‍, നാടന്‍ പാട്ടുകള്‍ എന്നീ രചനകളും നിരവധി ലേഖനങ്ങളും വിരിഞ്ഞു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി പോരാടിയ കേളപ്പേട്ടന്റെ സമര ജീവിതം കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല, ഓരോരുത്തരുടെയും മനസില്‍ എന്നുമുണ്ടാവും.