ദേശീയപാത വികസനത്തിലെ അപാകതകള്‍ തിരുവങ്ങൂര്‍ മേഖലയില്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക; ദേശീയപാത അധികൃതര്‍ക്ക് നിവേദനവുമായി സി.പി.എം


കൊയിലാണ്ടി: ദേശീയപാത വികസനത്തിലെ അപാകതകള്‍ കാരണം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 16ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിനു മുന്നോടിയായി ദേശീയപാതാ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. സമരത്തിനാധാരമായ വിഷയങ്ങളെക്കുറിച്ച് പ്രൊജക്ട് വിഭാഗം എന്‍ജിനീയറുമായി ചര്‍ച്ച നടത്തി.
എം.നൗഫല്‍, അശോകന്‍ കോട്ട്, കെ.ശ്രീനിവാസന്‍, കെ.ടി.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

തിരുവങ്ങൂര്‍ ടൗണിലെ അശാസ്ത്രീയമായ ദേശീയപാത വികസനത്തില്‍ പ്രതിഷേധിച്ച് മലാപറമ്പ് നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ കഴിഞ്ഞദിവസം ജനകീയ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ കോയയുടെ നേതൃത്വത്തിലായിരുന്നു സമരം.

കാപ്പാട് നിന്നും തിരുവങ്ങൂര്‍ അണ്ടര്‍പാസ് വരെ റോഡ് സൗകര്യം ഏര്‍പ്പെടുത്തുക, കാപ്പാട് റോഡ് മുറിച്ചു കടക്കാന്‍ ഒരു അണ്ടര്‍പാസ് നിര്‍മ്മിക്കുക, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, വെറ്റിലപ്പാറ പള്ളി, അമ്പലം ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക, ഫുട്പാത്തുകള്‍ സഞ്ചാരയോഗ്യമാക്കുക, ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കുക, ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതല യോഗം വിളിക്കുക, കാപ്പാട് തീരദേശ റോഡ് ഉടന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Summary: CPM has submitted a petition to the National Highway Authority