‘മുചുകുന്ന് കോളേജിന് മുന്നില്‍ നിന്നും സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു’; യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയില്‍ 60 പേര്‍ക്കെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്‌


Advertisement

കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജിന് മുന്നില്‍ നിന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കാനത്തില്‍ ജമീല എംഎല്‍എയുടെ പി.എ വൈശാഖ്, പി.വിനു, അനൂപ്, സൂര്യ ടി.വി, എന്നിവര്‍ അടക്കം കണ്ടാലറിയാവുന്ന അറുപത് പേര്‍ക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്.

Advertisement

കലാപം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാണ് കുറ്റം. 189(2),191(2), 192, 351(2),190 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യു.ഡി.വൈ.എഫ് നേതാക്കളായ തന്‍ഹീര്‍ കൊല്ലം, ഫാസില്‍ നടേരി, പി.കെ മുഹമ്മദി എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് നല്‍കിയിരുന്നു.

Advertisement

ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ: കോളേജിലെ യൂണിയൻ ഇലക്ഷനിൽ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നതിന് പിന്നാലെ വൈകുന്നേരം ആറ് മണിയോടെ കോളേജിന് മുന്നില്‍ നിന്നും ‘ഓര്‍മയില്ലേ ഷുക്കൂറിനെ, ഞങ്ങളെ നേരെ വന്നപ്പോള്‍ ഇല്ലാതായത് ഓര്‍ക്കുന്നില്ലേ, കൈയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ തറവാട്ടിലേക്ക് പാര്‍സലയച്ചു കളയും കേട്ടോ’ എന്നിങ്ങനെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുവെന്നാണ് യുഡിഎസ്എഫ് കൊടുത്ത പരാതിയില്‍ പറയുന്നത്.

Description: ‘CPM-DYFI activists raised slogans provocatively from in front of Muchukun College; Case against 60 people

Advertisement