കൊല്ലം-നെല്ല്യാടി റോഡിലെ അടിപ്പാതയിലെ വെള്ളക്കെട്ടിനെതിരെ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ച് സി.പി.എം; ഒടുക്കം വാഗാഡ് വഴങ്ങി, വെള്ളക്കെട്ടൊഴിവാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു


കൊയിലാണ്ടി: കൊല്ലം-നെല്ല്യാടി റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്തെ അണ്ടര്‍പാസിനടിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹാരത്തില്‍ പ്രതിഷേധവുമായി സി.പി.എം. രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തിനൊടുവില്‍ വാഗാഡ് പ്രവര്‍ത്തകര്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ അടിപ്പാതയ്ക്ക് അടിയില്‍ ക്വാറി മാലിന്യം നിക്ഷേപിച്ച് ഉയര്‍ത്തുന്ന പ്രവൃത്തി തുടങ്ങി.

മഴയ പെയ്തതോടെ സര്‍വ്വീസ് റോഡിലും അടിപ്പാതയിലും ചെളി നിറഞ്ഞ അവസ്ഥയായിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നാലെ ക്വാറി മാലിന്യം നിക്ഷേപിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് വാഗാഡ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഒന്നും ചെയ്തിരുന്നില്ല. ഇന്നലെ മുതല്‍ മഴ ശക്തമായതോടെ വീണ്ടും സ്ഥലത്ത് വെള്ളക്കെട്ടായി. ഇതോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്.

ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് വാഗാഡ് അധികൃതര്‍ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരിഹാരമുണ്ടാകാതെ ഇവിടംവിട്ടുപോകില്ലെന്ന നിലപാടെടുത്തതോടെ ലോറികളില്‍ ക്വാറിമാലിന്യം എത്തിച്ച് അടിപ്പാതയുടെ അടിഭാഗം ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. ഇരുഭാഗത്തും താല്‍ക്കാലികമായി രണ്ട് പൈപ്പുകള്‍ ഇട്ട് വെള്ളം നീക്കാനും തുടങ്ങിയിട്ടുണ്ട്.

സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി നടക്കുന്നതിനാല്‍ നെല്ല്യാടി റോഡില്‍ ചെറിയ തോതില്‍ ഗതാഗതക്കുരുക്കുണ്ട്.

അടിപ്പാതയിലും സര്‍വ്വീസ് റോഡിലും ചെളിയായതോടെ ഇരുചക്ര വാഹനങ്ങള്‍ അപകടകരമായ സ്ഥിതിയിലാണ് ഇതുവഴി കടന്നുപോകുന്നത്. റോഡില്‍ നിന്ന് തെന്നി യാത്രക്കാര്‍ അപകടപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു.