12നും 14നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് 16 മുതല്‍ വാക്‌സിന്‍; 60 വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും
ന്യൂദല്‍ഹി: രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് (2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍, ഇതിനകം 12 വയസ്സിന് മുകളിലുള്ളവര്‍) കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2022 മാര്‍ച്ച് 16 മുതലായിരിക്കും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുക. ശാസ്ത്രീയ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് നിര്‍മിക്കുന്ന കോര്‍ബെവാക്സ് ആയിരിക്കും നല്‍കുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കീഴില്‍ 14 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്‌സിന്‍ നല്‍കുന്നുണ്ട്.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് 19 മുന്‍കരുതല്‍ ഡോസിന് അര്‍ഹത നിര്‍ദിഷ്ട രോഗാവസ്ഥയുള്ളവര്‍ക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 16 മുതല്‍, 60 വയസ്സിന് മുകളിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് 19 വാക്സിന്റെ മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ടായിരിക്കും.