ഇനി മുതൽ തിയറ്ററുകൾ ‘ഹൗസ് ഫുള്‍’; മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം; സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം. ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 വരെയാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കി.
തിയേറ്ററുകള്‍ക്ക് പുറമെ ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കി. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓഫ്‌ലൈനായി നടത്താം. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കി.
കോവിഡിനെ തുടര്‍ന്ന സംസ്ഥാനത്ത് തിയേറ്റരുകളില്‍ അമ്പത് ശതമാനം ആളുകളെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഓരോ സീറ്റുകള്‍ ഇടവിട്ട് കാണികളെ ഇരുത്തണമെന്നായിരുന്നു നിര്‍ദേശം. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ തിയേറ്ററുകള്‍ പഴയതുപോലെ പ്രവര്‍ത്തിക്കും.