അക്രമത്തിനു പിന്നില്‍ സ്വര്‍ണക്കടത്തല്ല, മുന്‍വൈരാഗ്യം; കല്ലേരിയില്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അക്രമികളുടെ മൊഴി
വടകര: കല്ലേരി സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ചശേഷം കാര്‍ കത്തിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് അറസ്റ്റിലായ മൂന്നുപേരുടെ മൊഴി. സ്വര്‍ണക്കടത്ത്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന പ്രചാരണം ഉണ്ടായെങ്കിലും പരാതിക്കാരനെ പോലെത്തന്നെ ഇതെല്ലാം നിഷേധിക്കുന്ന മൊഴിയാണ് മൂന്നു പേരുടെയും. ഇവരെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും തീവെപ്പിനുമാണ് കേസെങ്കിലും പിന്നീട് വധശ്രമത്തിനുള്ള വകുപ്പും കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച പുലര്‍ച്ച ഒന്നരയോടെയായിരുന്നു സംഭവം. സുഹൃത്തായ ഷമ്മാസാണ് ഫോണില്‍ കല്ലേരിയിലെ ഒന്തമ്മല്‍ ബിജുവിനെ വിളിച്ചത്. വണ്ടിയുമായി പോകുമ്പോള്‍ കല്ലേരി പാലത്തിനു സമീപം വണ്ടി കേടായെന്നും സഹായിക്കണമെന്നും പറഞ്ഞു. തുടര്‍ന്നാണ് ബിജു കാറുമായി കല്ലേരിയിലെത്തിയത്. ഒരു ബൈക്കിനരികെ ഷമ്മാസ് നില്‍ക്കുന്നുണ്ടായിരുന്നു.
സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിനരികില്‍ രണ്ടുപേര്‍ കൂടി വരികയും മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കാറിന്റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട ബിജു വീട്ടിലെത്തി മറ്റൊരു താക്കോലെടുത്ത് കല്ലേരിയില്‍ എത്തിയെങ്കിലും കാര്‍ കത്തുന്നതാണ് കണ്ടത്. മൂന്നുപേരും രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിജുവിനെ ആക്രമിക്കുകയും കാര്‍ റോഡിലിട്ട് കത്തിക്കുകയുംചെയ്ത സംഭവത്തില്‍ ചൊക്ലി ബൈത്തുല്‍ നൂറില്‍ ഷമ്മാസ് (33), വെള്ളൂര്‍ കോടഞ്ചേരി ചീക്കിലോട് താഴകുനിയില്‍ വിശ്വജിത്ത് (33), പെരിങ്ങത്തൂരിലെ വട്ടക്കണ്ടിപ്പറമ്പത്ത് സവാദ് (28) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി. ഹരിപ്രസാദ്, ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്റ്റേഷനില്‍ കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. സവാദിനെതിരേ ചൊക്ലി സ്റ്റേഷനില്‍ നാല് കേസുകളുണ്ട്. നേരത്തെ നാദാപുരം സ്റ്റേഷനിലെ ആറ്് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് വിശ്വജിത്ത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ ഇവരെ പിടികൂടാന്‍ പോലീസിനായി. മൊബൈല്‍ടവര്‍ ലൊക്കേഷന്‍വെച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് തടമ്പാട്ടുതാഴത്തുനിന്നാണ് മൂന്നുപേരെയും പിടികൂടിയത്. രാത്രിയോടെ വടകരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കല്ലേരിയില്‍ ബിജുവിന്റെ ഒരു ബന്ധുവീട്ടില്‍ കല്യാണത്തലേന്ന് വിശ്വജിത്തുമായി അടിപിടി ഉണ്ടായെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാം.