പേയ്ടിഎം ആപ്പില്‍ തുടരണോ?; ഇതുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ അറിയാം


കോഴിക്കോട്: പേയ്ടിഎം ആപ്പ് പൂട്ടില്ല. റിസര്‍വ്വ് ബാങ്ക് നടപടി ഉണ്ടായെങ്കിലും 29ന് ശേഷവും നിലവിലുളളതുപോലെ പ്രവര്‍ത്തിക്കും. പേയ്ടിഎം ബാങ്കിന്റെ സേവിംങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബി.ഐ വിലക്കിയത്.

കടകളിലെ പേയ്‌മെന്റ് സംവിധാനങ്ങളെ തടസ്സപ്പെടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ വ്യാപാരികള്‍ക്ക് സൗണ്ട്‌ബോക്‌സ് നല്‍കുന്നതിനും തടസ്സമില്ല. വോലറ്റും ഫാസ്ടാഗും നാഷണല്‍കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് 29 വരെ മാത്രമേ അതിലേക്ക് തുക നിക്ഷേപിക്കാനാകൂ. 29 വരെ കാര്‍ഡിലുളള തുക പിന്നീടും ഉപയോഗിക്കാം.

ഇടപാടുകള്‍ക്കായി പേയ്ടിഎം ബാങ്കിന്റെ അക്കൗണ്ടാണ് നല്‍കിയിരിക്കുന്നതെങ്കില്‍ 29 ന് മുന്‍പ് മാറ്റണം. പേയ്ടിഎം വഴിയുളള ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടിനും തടസ്സമില്ല. ബാങ്ക് അക്കൗണ്ട് പണം സ്വീകരിക്കാനായി പേയ്ടിഎം ബാങ്ക് അക്കൗണ്ട്
വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഒഴിവാക്കുക. അതിലേക്ക് 29ന് ശേഷം പണം സ്വീകരിക്കാനാവില്ല.

വാഹനത്തിലെ പേയ്ടിഎം ഫാസ്ടാഗ് 29 വരെ ഫാസ്ടാഗില്‍ ലോഡ് ചെയ്യുന്ന പണം ഉപയോഗിച്ച് പിന്നീടും യാത്ര ചെയ്യാം. 29 കഴിഞ്ഞ് റീചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫാസ്ടാഗ് മാറേണ്ടി വരാം. പുതിയ ഫാസ്ടാഗ് വിതരണം പേയ്ടിഎം നിര്‍ത്തിവച്ചു.

വോലറ്റിലെയും പേയ്ടിഎം ബാങ്ക് അക്കൗണ്ടിലെയും പണം അതിലുള്ള തുക നഷ്ടപ്പെടില്ല. അത് തീരും വരെ ഉപയോഗിക്കാം. 29 വരെ ടോപ്-അപ്/ഡിപ്പോസിറ്റ് ചെയ്യുന്നതിനും തടസ്സമില്ല.

പേയ്ടിഎം യുപിഐ സേവനം

യുപിഐ സേവനത്തിന് തടസ്സമുണ്ടാകില്ല. പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഐഡി ഉപയോഗിച്ച് 29ന് ശേഷം പണം സ്വീകരിക്കാന്‍ കഴിഞ്ഞേക്കില്ല. മറ്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാം.