ഏഴുമീറ്റര്‍ താഴ്ചയില്‍ റോഡില്‍ നിന്ന് മുകളിലേക്ക് കയറാന്‍ സര്‍വ്വീസ് റോഡില്ല; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടെ നന്തി ആശാനികേതനിലേക്കുള്ള വഴി അടയും, ബാധിക്കുക അന്തേവാസികളും ജീവനക്കാരുമടങ്ങുന്ന ഏഴുപത്തഞ്ചോളം പേരെ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടെ, മാനസികവെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന നന്തി ആശാനികേതനിലേക്കുള്ള വഴി തടസപ്പെടുമെന്ന ആശങ്കയില്‍ നാട്ടുകാരും ആശാനികേതന്‍ പ്രവര്‍ത്തകരും. ഇവിടെ സര്‍വ്വീസ് റോഡോ ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ ആശാനികേതനിലേക്കും സമീപത്തെ സത്യസായിവിദ്യാപീഠത്തിലേക്കും എങ്ങനെ വരുമെന്ന ചോദ്യമുയരുകയാണ്.
നിലവിലുള്ള ഭൂമിയില്‍നിന്ന് ഏഴുമീറ്ററിലധികം താഴ്ചയിലാണ് ഇവിടെ റോഡ് നിര്‍മിക്കുന്നത്. റോഡില്‍നിന്ന് മുകളിലോട്ടുകയറാന്‍ സര്‍വീസ് റോഡ് അനിവാര്യമാണ്. മാത്രമല്ല, ആശാനികേതന്റെ കൈവശമുള്ള പടിഞ്ഞാറേ ഭാഗത്തുള്ള കൃഷിഭൂമിയിലേക്ക് വരാനും കഴിയില്ല. ശനിയാഴ്ച ദേശീയപാത അധികൃതര്‍ ആശാനികേതന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ സര്‍വ്വീസ് റോഡോ ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ ഇല്ലെന്ന് അറിയിച്ചതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
ഭിന്നശേഷിക്കാരായ ആളുകളെ വാഹനത്തില്‍ ആശാനികേതനിലേക്ക് എത്തിക്കണമെങ്കില്‍ ഇവിടെ സര്‍വീസ് റോഡ് അനിവാര്യമാണ്. അല്ലാത്തപക്ഷം ആശാനികേതന്‍ പൂട്ടേണ്ട അവസ്ഥവരും. ഭിന്നശേഷിക്കാരായ ആളുകള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള അത്താണിയാവും ഇതോടെ ഇല്ലാതാവുക.
പത്ത് ഏക്കറോളമുണ്ടായിരുന്ന ആശാനികേതന്‍സ്ഥലം മൂന്നായി പിളര്‍ത്തിയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത്. നാലരയേക്കറോളം സത്യസായി വിദ്യാപീഠത്തിന്റെയും മൂന്ന് ഏക്കറോളം ആശാനികേതന്റെ സ്ഥലവുമാണ് റോഡുനിര്‍മാണത്തിന് വിട്ടുകൊടുത്തത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ ആശാനികേതന്‍ നിന്നസ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയും കിണര്‍ നികത്തുകയും ചെയ്തിരുന്നു.
റോഡ് പ്രവൃത്തി ആരംഭിച്ചതോടെ ആശാനികേതനിലേക്ക് വരാന്‍ മാര്‍ഗമില്ലാതായിരിക്കുകയാണ്. അന്തേവാസികളും ജീവനക്കാരുമടക്കം 75 പേരാണ് നന്തി ആശാനികേതനിലുള്ളത്. 14 വയസ്സുമുതല്‍ 82 വയസ്സുവരെയുള്ളവര്‍ ഇവിടെ അന്തേവാസികളായിട്ടുണ്ട്.
അനാഥരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കാനും പരിചരിക്കാനുമായി ക്രിസ് ആല്‍ഡര്‍ എന്ന ഇംഗ്ലീഷുകാരി 1977 ഓഗസ്റ്റ് ആറിനാണ് നന്തി ആശാനികേതന്‍ സ്ഥാപിച്ചത്. നന്തി ആശാനികേതനും തൊട്ടടുത്ത സത്യസായി വിദ്യാപീഠത്തിനുമായി ഏഴരയേക്കര്‍ സ്ഥലമാണ് ബൈപ്പാസിനായി വിട്ടുനല്‍കേണ്ടിവന്നത്.
സര്‍വീസ് റോഡ് അനുവദിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പി.മാരായ കെ.മുരളീധരന്‍, പി.ടി. ഉഷ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ആശാനികേതന്‍ പ്രവര്‍ത്തകരും നാട്ടുകാരും.