പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത! കോഴിക്കോട് മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം; മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ ആറ് മാസത്തിനുള്ളില്‍കോഴിക്കോട്:
ജില്ലയില്‍ മൂന്ന് ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജം. പകര്‍ച്ചവ്യാധികള്‍ക്ക് സുരക്ഷിതമായി മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ചേവായൂര്‍ ത്വക് രോഗാശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, കുന്നുമ്മല്‍ സിഎച്ച്സി എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിരിക്കുന്നത്.

10 കിടക്കകളുള്ള വാര്‍ഡില്‍ ഓക്സിജന്‍, കാര്‍ഡിയാക് മോണിറ്ററിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സാഹചര്യങ്ങളിലും അല്ലാത്തപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇവയുടെ ക്രമീകരണം.

മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ ആറ് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സിഎച്ചസികളോട് ചേര്‍ന്നാവും ഇവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുക. നരിക്കുനി, ഓര്‍ക്കാട്ടേരി, മേലടി, മുക്കം എന്നിവിടങ്ങളില്‍ വാര്‍ഡുകളുടെ നിര്‍മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

കിടത്തി ചികിത്സ ഇല്ലാത്തിടങ്ങളില്‍ മള്‍ട്ടിപര്‍പ്പസ് വാര്‍ഡുകളായാണ് വാര്‍ഡുകളൊരുക്കുന്നത്. നിപാ, കോവിഡ് തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് പകര്‍ച്ച വ്യാധികള്‍ ചികിത്സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.