‘ബൈപ്പാസ് പന്തലായനിക്കാരുടെ യാത്രയ്ക്ക് തടസമാവില്ല; ഗതഗാത സംരക്ഷണ കര്‍മ്മസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു, ദേശീയപാതയില്‍ ബോക്‌സ് കല്‍വര്‍ട്ട് നിര്‍മ്മാണം തുടങ്ങി


Advertisement

കൊയിലാണ്ടി: നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ പന്തലായനി ഭാഗത്തുണ്ടാകുന്ന യാത്രാപ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇവിടെ അടിപ്പാത സ്ഥാപിക്കുകയാണ്. ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി.

ബൈപ്പാസ് വരുന്നതോടെ പന്തലായനി നിവാസികള്‍കളായ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലേക്കും, ബഹുജനങ്ങള്‍ക്കു ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, അഘോരശിവക്ഷേത്രം എന്നിവടങ്ങളിലേക്കുമെല്ലാം പോകാനുള്ള വഴി അടയുന്ന സാഹചര്യമായിരുന്നു. ഇതിനെതിരെ പ്രദേശവാസികള്‍ പന്താലയനി ഗതാഗത സംരക്ഷണ കര്‍മ്മ സമിതി രൂപികരിച്ച് സമരരംഗത്തുവന്നിരുന്നു. എം.എല്‍.എ, എം.പി അടക്കമുള്ളവരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Advertisement

മൂന്നുമീറ്റർ വീതിയിലും മൂന്നുമീറ്റർ ഉയരത്തിലുമാണ് കല്‍വർട്ട് ഒരുങ്ങുന്നത്. എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കളക്ടര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍, കര്‍മ്മ സമിതി ഭാരവാഹികള്‍, എന്‍.എച്ച്.എ.ഐ, വഗാര്‍ഡ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തിരുന്നു. കര്‍മ്മ സമിതി ജൂണ്‍ 30 ന് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കളക്ടര്‍ കാട്ടുവയല്‍ റോഡില്‍ ബോക്സ് കള്‍വര്‍ട്ട് സ്ഥാപിക്കാം എന്ന് അറിയിക്കുകയായിരുന്നു. ബോക്സ് കള്‍വര്‍ട്ട് നിര്‍മിച്ച് കഴിഞ്ഞാല്‍ അതിലേക്ക് ആവശ്യമായ വെളിച്ചവും മറ്റ് സംവിധാനങ്ങളും നഗരസഭ ഏറ്റെടുത്ത് നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Advertisement

പന്തലായിനി – വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴര മീറ്റര്‍ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ എങ്ങനെയാണ് സര്‍വീസ് റോഡില്‍ പ്രവേശിക്കുക എന്നതും പ്രശ്‌നമായി നിലനിന്നിരുന്നു. ഒരു കിലോ മീറ്റര്‍ താഴെ മാത്രം ദൂരത്തില്‍ സഞ്ചരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പന്തലായിനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ആര്‍.ശങ്കര്‍ മെമ്മോറിയല്‍ കോളജ്, ഗുരുദേവ മെമ്മോറിയല്‍ കോളജിലുമൊക്കെ എത്താന്‍ സാധിക്കുന്നിടത്ത് ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ ഇതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കണമെന്ന സ്ഥിതിയുണ്ടായിരുന്നു.

Advertisement

പന്തലായനി ഭാഗങ്ങളില്‍ നിന്നും മറ്റുമായി നിരവധി വിദ്യാര്‍ത്ഥികളായിരുന്നു പന്തലായിനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനം നടത്തിയിരുന്നത്. നടന്നും, സൈക്കളിലും മറ്റുമായിരുന്നു ഇവര്‍ സ്‌കൂളിലേക്ക് വന്നിരുന്നത്. എന്നാല്‍ ബൈപ്പാസ് നിര്‍മ്മാണം കാരണം വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രയെ ബാധിച്ചിരുന്നു. ഇത് കാരണം സ്‌കൂളില്‍ അഡ്മിഷനും കുറയുന്ന സ്ഥിതിവന്നിരുന്നു. ഈ വിഷയങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയുള്ള ജനകീയ ഇടപെടലും ജനപ്രതിനിധികളുടെ പിന്തുണയുമാണ് ഇവിടെ ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കുന്നതിന് വഴിവെച്ചത്.

Summary: construction of box culverts has begun on the national highway panthalayani