പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്ത് നിരന്തര പീഡനം; പോക്സോ കേസില്‍ വയനാട് സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍


കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്ത് നിരന്തരം പീഡിപ്പിച്ച കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍. വയനാട് പൂതാടി കോട്ടവയല്‍ സ്വദേശി പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38), ഇവരുടെ സുഹൃത്ത് സുരേഷ് (59) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയാണ് ദമ്പതികള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഈ അടുപ്പമാണ് നിരന്തര ലൈംഗിക ചൂഷണത്തിന് വഴിവെച്ചത്. 2020 മുതല്‍ പ്രചിത്തന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ള സുരേഷും സാഹചര്യം മുതലെടുത്ത് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തത് സുജ്ഞാനയായിരുന്നു.

കുട്ടിയുടെ അമ്മ വിഷാദരോഗിയാണ്. അതുകൊണ്ട് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്നും പീഡനവിവരം മറച്ചുവെച്ചു. ഇതേസമയം പെണ്‍കുട്ടി മറ്റൊരു പ്രണയബന്ധത്തിലകപ്പെട്ടു. ഈ ബന്ധം നാട്ടില്‍ പാട്ടാക്കുമെന്ന് പറഞ്ഞും ദമ്പതികള്‍ ഭീഷണിപ്പെടുത്തി. കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്നുള്ള ഭീഷണിയും മുഴക്കി.

പ്രതികള്‍ ഉപദ്രവിച്ച വിവരം കുട്ടി ഒരു കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ വിവരം പുറത്തറിഞ്ഞു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സുരേഷ് ആദ്യമേ അറസ്റ്റിലായി. ഒളിവിലായിരുന്ന ദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.