കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ, അനധികൃത നിയമനങ്ങള്‍, പാര്‍ക്കിങ് സൗകര്യമില്ലായ്മ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിജിലന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തി
കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റലിലെ ശോചനീയാവസ്ഥയും, അഴിമതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ കൊയിലാണ്ടി നഗരസഭയിലെ പ്രവര്‍ത്തകര്‍ വിജിലന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തി. ഒ.പി യിലെത്തുന്ന രോഗികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും, കുറഞ്ഞ ഒ.പി മാത്രം നോക്കുന്ന ഡോക്ടര്‍മാരുടെ നടപടികളും ചൂണ്ടിക്കാണിച്ചു.
മൂന്ന് കോടിയോളംരൂപ മുടക്കി ആരംഭിച്ച ലക്ഷ്യ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാതിരിക്കാനുള്ള കാരണങ്ങള്‍, അനധികൃത നിയമനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാത്ത വിഷയം, രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്ത സാഹചര്യം, മോര്‍ച്ചറി-എക്സ്റെ തുടങ്ങിയ കാര്യങ്ങളില്‍ ജനം അനുഭവിക്കുന്ന ദുരിതം, പാര്‍ക്കിംഗ് സംബന്ധമായ അനാസ്ഥ, മലിനജലം സംസ്‌കരിക്കാനാവശ്യമായ സൗകര്യമില്ലാത്ത സാഹചര്യം, കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിട്ടും ഡയാലിസിസ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന ക്ഷമമാകാത്തത്, സോളാര്‍ പാനലിന്റെ അവസ്ഥ, ടെണ്ടര്‍ വിളിക്കാതെ മരുന്ന് പെട്ടികളും ഡയാലിസിസ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സാഹചര്യം, ഡോക്ടര്‍മാര്‍ സമയത്ത് എത്താത്ത അവസ്ഥ, സ്ഥിരം ജീവനക്കാര്‍ രാത്രി ഷിഫ്റ്റില്‍ ലാബിലും ഫാര്‍മസിയിലും ജോലി ചെയ്യാത്ത സാഹചര്യം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.
മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്തുകണ്ടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മനോജ് പയറ്റുവളപ്പില്‍, ശ്രീജാറാണി, മനോജ് കണ്ടോത്ത്, പുരുഷോത്തമന്‍ പി.കെ, സുമതി കെ.എം, ആലി.പി.വി, പത്മനാഭന്‍ പി.വി, സുരേഷ്ബാബു, കേളോത്ത് വത്സരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.