മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരത്തിന് വീണ്ടും മൂവർണ്ണ നിറം; തിരികെ പിടിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർന്നുപാറി, മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ
കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷങ്ങൾക്കെല്ലാം തുടക്കം കുറിച്ച കോൺഗ്രസ് കൊടിമരം പൂർവ്വരൂപത്തിലേക്ക്. കൊടി മരത്തിനു മൂവർണ്ണ നിറം ചാർത്തി പതാകയും ഉയർന്നു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
പതിനാലാം തീയ്യതി വൈകിട്ട് ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച് കൊടിമരം വൃത്തിയാക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഘടിച്ച് സംഘർഷമുണ്ടായി. നാലോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
സംഘർഷത്തെ തുടർന്ന് മുത്താമ്പി- വൈദ്യരങ്ങാടി മേഖലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. പ്രകടനത്തിനിടയിൽ സി.പി.എം കൊടി കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലോക്കൽ സെക്രട്ടറിയെയും കൗൺസിലറെയും കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി സി.പി.എം ആരോപിച്ചു.
സംഘർഷാവസ്ഥ തുടരുന്നതിലെത്തിനിടയിലാണ് ഇന്നലെ ഏതാനും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തി കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തിയത്.
മുഖ്യമന്ത്രിക്ക് നേരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ സി.പി.എം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണന്നും അതുകൊണ്ടൊന്നും പിണറായി വിജയനെ രക്ഷിക്കാനാകില്ലെന്നും അഡ്വ.ടി.സിദ്ധിഖ് ഉദ്ഘടന പ്രസംഗത്തിനിടെ പറഞ്ഞു.
പ്രദേശത്തെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനായ പുതുക്കുടി നാരായാണൻ കാലത്ത് മുതൽ കൊടിമരം പുന:സ്ഥാപിക്കുന്നതുവരെ റോഡിൽ കുത്തിയിരുന്ന് നിരാഹാര സത്യാഗ്രഹം നടത്തി. പുനസ്ഥാപിച്ച കൊടി മരത്തിൽ പതാക ഉയർത്തതിന് ശേഷം അഡ്വ.ടി സിദ്ധിഖും അഡ്വ.കെ.പ്രവീൺ കുമാറും ചേർന്ന് നാരാങ്ങാ നീര് നല്കി നിരാഹാരം അവസാനിപ്പിച്ചു.
ചടങ്ങിൽ അഡ്വ.കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു വി.വി.സുധാകരൻ, സി.വി.ബാലകൃഷ്ണൻ, ആർ. ഷഹിൻ, പി.രത്നവല്ലി,മഠത്തിൽ നാണു മാസ്റ്റർ, വി.പി ഭാസ്കരൻ, നിജേഷ് അരവിന്ദ്, രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, അജയ് ബോസ്, അഡ്വ.സതീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.