ബസ്സും കാറും കൂട്ടിയിടിച്ച് തിക്കോടിയിൽ അപകടം; അധ്യാപികയ്ക്ക് പരിക്ക്; വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിൽ


തിക്കോടി: തിക്കോടിയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ തിക്കോടി പെരുമാൾതാഴ സുരാജിന്റെ ഭാര്യ ജിഷ (36) ക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വെങ്ങളം യുപി സ്കൂളിലെ അധ്യാപികയായ ജിഷ സ്കൂൾ വിട്ട് വാഹനമോടിച്ചു വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും നേർക്ക് നേർ കൂട്ടിമുട്ടുകയായിരുന്നു. തിക്കോടി എഫ് സിഐക്ക് സമീപമാണ് അപകടം നടന്നത്.

ഉടനെ തന്നെ ടീച്ചറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനു പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിന് ശേഷം വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക് ഉണ്ടായതിനെ തുടർന്ന് നീക്കം ചെയ്യാനായി അഗ്നിശമന സേന സ്ഥലത്തെത്തിയതായി ഫയർ ഫോഴ്സ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പയ്യോളി പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.