എം.കെ രാഘവന്‍ ഒരുലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ബെറ്റ്, മൊട്ടയടിക്കാന്‍ വേണ്ടത്ര മുടിയില്ല; ഒടുവില്‍ മണാലി ട്രിപ്പ് നേടി കെ.സി അബു


കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആര് ജയിക്കുമെന്ന് ബെറ്റ് വെക്കുന്നത് സാധാരണമാണ്. അത്തരമൊരു ബെറ്റില്‍ മണാലി യാത്ര നേടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.സി അബു. എം.കെ രാഘവന്‍ ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് നഗരത്തിലെ ഒരു വ്യാപാര സുഹൃത്തുമായിട്ടായിരുന്നു ബെറ്റ് വെച്ചിരുന്നത്.

ആദ്യം പണത്തിന് വെക്കാനൊരുങ്ങിയെങ്കിലും അത് നടന്നില്ല പിന്നീട് മുടി മൊട്ടയടിക്കാമെന്നായപ്പോള്‍ രണ്ടുപേരും തലയില്‍നോക്കി മൊട്ടയടിക്കാന്‍ മാത്രമില്ലെന്ന് തിരിച്ചറിഞ്ഞതോടെ അതും ഒഴിവാക്കി. പിന്നീടാണ് മണാലി യാത്ര ബെറ്റായി ഉറപ്പിച്ചത്.

തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പതിവായി ബെറ്റ് വെയ്ക്കാറുണ്ട് അബു. ഇത്തവണ ബെറ്റ് വെയ്ക്കാന്‍ പോലും ആലെ കിട്ടാത്ത അവസ്ഥയായിരുന്നെന്നാണ് അബു പറയുന്നത്. സുഹൃത്ത് തീരുമാനിക്കുന്ന ദിവസമായിരിക്കും മണാലി യാത്ര ആരംഭിക്കുക.