പരാജയപ്പെട്ടെങ്കിലും നേട്ടം; തിക്കോടി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി രണ്ടാമതെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
സി.പി.എം സ്ഥാനാര്‍ത്ഥി ഷീബ പുല്‍പ്പാണ്ടിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിക്കൊണ്ട് ഉപതിരഞ്ഞെടുപ്പ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. അഖില പുതിയോട്ടിലിനെ 448 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് അഖില വിജയിച്ചത്.
ഷീബ പുല്‍പ്പാണ്ടിയിലിന് 791 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. അഖിലയ്ക്ക് 343 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി ബിന്‍സി ഷാജിക്ക് 209 വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ ആകെ 1343 വോട്ടുകളാണ് പോള്‍ ചെയ്തത്.
2020 ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ശ്രീലക്ഷ്മി കൃഷ്ണ 526 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്ന് ബി.ജെ.പി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായിരുന്നു. ശ്രീലക്ഷ്മി രാജി വെച്ചതിന്റെ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
രണ്ട് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. ഒന്നാം ബൂത്തില്‍ എല്‍.ഡി.എഫിന് 273 വോട്ടിന്റെ ഭൂരിപക്ഷവും രണ്ടാം ബൂത്തില്‍ 175 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ലഭിച്ചത്.