ചിട്ടയായ പരിശീലനം, വിദഗ്ദരുടെ സേവനം; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മേപ്പയ്യൂര്‍ സ്‌കൂളിലെ വിജയികള്‍ക്ക് സ്‌നേഹാദരം


മേപ്പയ്യൂര്‍: എസ്. എസ്.എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ഥികളെ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. 745 പേരാണ് സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയത്. ഇവരില്‍ 742 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 92.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയവരില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സ്‌കൂള്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി. 60 കുട്ടികള്‍ക്ക് 9 എ പ്ലസ് ലഭിച്ചു.

വിദ്യാലയത്തില്‍ നടന്ന ചിട്ടയായ പഠനപദ്ധതികളാണ് മികച്ച വിജയത്തിന് പിന്നില്‍. തുടര്‍ച്ചയായി നടന്ന കൗണ്‍സലിങ് , മോട്ടിവേഷന്‍ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷകള്‍, മോഡല്‍ പരീക്ഷകള്‍, വിദഗ്ധ അധ്യാപകരുടെ അതിഥി ക്ലാസുകള്‍, പ്രത്യേക പഠനക്യാമ്പുകള്‍, പി ടി എ യുടെ തദ്ദേശ സര്‍ക്കാറുകളുടെയും മികച്ച പിന്തുണയും ഈ വിജയത്തിന് മാറ്റുകൂട്ടി.

അനുമോദന ചടങ്ങ് പി.ടി.എ. പ്രസിഡന്റ് കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. സെഡ്. എ അന്‍വര്‍ ഷമീം, എം.എം ബാബു, പി.ടി. എ അംഗങ്ങളായ മുജീബ് കോമത്ത്, ഇ.കെ ഗോപി , യു.ബിജു,സന്തോഷ് സാദരം, ദിനേശ് പാഞ്ചേരി, എന്‍.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.