വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ഇനി കാത്തിരിക്കേണ്ട; കൊയിലാണ്ടി നഗരസഭയുടെ സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്‌, മാര്‍ച്ചില്‍ വെള്ളം വീടുകളിലേക്ക്


Advertisement

കൊയിലാണ്ടി: നഗരസഭയുടെ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി ഒടുവില്‍ യാഥാർഥ്യമാവുന്നു. വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള ജലവിതരണക്കുഴലുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഏതാണ്ട് 44 ശതമാനം പ്രവൃത്തിളും പൂര്‍ത്തിയായിട്ടുണ്ട്. നഗരസഭയില്‍ മൊത്തം 364 കിലോമീറ്റല്‍ ദൂരത്തിലാണ് കുഴലുകള്‍ സ്ഥാപിക്കേണ്ടത്. ഏതാണ്ട് ഫെബ്രവരി, മാര്‍ച്ച് മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജലവിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷ.

Advertisement

ജലം ജീവാമൃതം പദ്ധതിയില്‍പ്പെടുത്തി കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പെരുവണ്ണാമൂഴി – കോഴിക്കോട് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ കടന്നുപോകുന്ന കായണ്ണയില്‍ കണക്ടിങ്ങ് വാള്‍വ് സ്ഥാപിച്ചാണ് കൊയിലാണ്ടി ഭാഗത്തേക്ക് പൈപ്പ് ലൈനിലൂടെ വെള്ളം തിരിച്ചുവിടുന്നത്. ഇതിനായി കായണ്ണയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരസഭയിലെ കടലോരമേഖയിലെ നൂറ് കണക്കിന് വരുന്ന കുടുംബങ്ങളുടെ ഉപ്പുവെള്ള പ്രശ്‌നത്തിന് പരിഹാരമാകും. നഗരസഭയില്‍ മൊത്തം 11 കടലോര വാര്‍ഡുകളാണ് ഉള്ളത്. മാത്രമല്ല കുന്നിന്‍ മുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെടും.

Advertisement

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ജലവിതരണ കുഴല്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. സമ്പൂര്‍ണ കുടിവെള്ളവിതരണത്തിനായി 227 കോടിയാണ് മൊത്തം ചിലവ്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും ആദ്യഘട്ടില്‍ 85 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഈ രൂപ ഉപയോഗിച്ച്‌ നടേരി വലിയ മലയിലും പന്തലായനി കോട്ടക്കുന്നിലും കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള വാട്ടർ അതോറിറ്റി ഓഫീസിന് മുകളിലുമായി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിരുന്നു.

Advertisement

വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകൾ 17 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതും വാട്ടർ അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയിൽ നിന്നും ശുദ്ധജലം ടാങ്കുകളിൽ എത്തിക്കാനുള്ള പ്രധാന പൈപ്പ്‌ലൈനുകളും സ്ഥാപിച്ചു. ജലവിതരണം തുടങ്ങിയാല്‍ രണ്ട് മാസത്തില്‍ 15000 ലിറ്റര്‍ വെള്ളം വരെ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മീറ്റര്‍ ചാര്‍ജ് നല്‍കണം. എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഒരു മാസത്തില്‍ 5000 ലിറ്റര്‍ വരെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ 75 രൂപ നല്‍കണം. അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മീറ്റര്‍ ചാര്‍ജിനനുസരിച്ച് നല്‍കണം.

വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയും ചെറു സ്റ്റോർ ടാങ്കുകളും ഉൾപ്പെടുന്ന രണ്ടാം ഘട്ട പ്രൊജക്ടിനായി 120 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് പുറമെ അമൃത് പദ്ധതിയ്ക്ക് കീഴിൽ 20 കോടി രൂപയും ഇതിന് അനുവദിച്ചു. കൊയിലാണ്ടി നഗരസഭയുടെ തീരപ്രദേശങ്ങളില്‍ വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനായി നഗരസഭ കുടിവെള്ള ടാങ്കര്‍ ലോറികള്‍ മാത്രമായിരുന്നു ഏകാശ്രയം. നഗരസഭയുടെ മറ്റു ഭാഗങ്ങളിലും മലയോര പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഈ പ്രശ്‌നത്തിനാണ് സമ്പൂര്‍ണ പരിഹാരമാകാന്‍ പോകുന്നത്.

Description: Complete drinking water project of koyillandy Nagasabha nearing final stage