ബോ ചെ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി; നടപടി വൈകുന്നതില്‍ പയ്യോളിയില്‍ പ്രതിഷേധം, ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി നാട്ടുകാര്‍
പയ്യോളി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച ഗാനമേളക്കിടെ പൊലീസുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം. പരാതിയില്‍ ഇതുവരെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് യുവാവിനുവേണ്ടി രംഗത്തുവന്നത്.
യുവാവിനെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിച്ച മേപ്പാടി സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സാ ചെലവുകള്‍ കുറ്റവാളികളില്‍ നിന്ന് ഈടാക്കണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. സർവ്വകക്ഷി ജനകീയ ആക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി കെ.ടി.സിന്ധുവിനെയും കൺവീനർ ആയി വേണുഗോപാലൻ കുനിയിലിനേയും ട്രഷറർ ആയി ടി.പി. ലത്തീഫിനേയും തെരഞ്ഞെടുത്തു.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് വയനാട് മേപ്പാടിയില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് പയ്യോളി സ്വദേശി കൊളാരിതാഴ മുഹമ്മദ് ജാസിഫിന് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്. ജാസിഫിന്റെ പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസിന് ജാസിഫിനെതിരെ മേപ്പാടിയില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പിതാവ് റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
ഗാനമേളയ്ക്കിടെ സംഭവസ്ഥലത്തുനിന്നും മറ്റൊരു യുവാവുമായി അടിപിടിയുണ്ടാക്കിയ ജാസിഫ് പൊലീസിനെ കണ്ട് ഓടുകയും കുഴിയില്‍ വീണ് പരിക്കേല്‍ക്കുകയും തങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ അടിപിടിയുമായി ബന്ധപ്പെട്ടാണ് ജാസിഫിനെതിരെ കേസെടുത്തിരിക്കുന്നതെന്നും റഹീം പറഞ്ഞു.