മൂടാടി മലബാര്‍ കോളേജില്‍ ബി.സി.എ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി; മൂക്കിന്റെ പാലം ഇടിച്ചുതകര്‍ത്തു


മൂടാടി: മലബാര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയെ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. അയനിക്കാട് ആവിത്താരയിലെ ദാറുല്‍ അമലിലെ റിഷാല്‍ (18)നാണ് പരിക്കേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന റിഷാല്‍ ഇതിനകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി.

നവംബര്‍ 27ന് രാവിലെയായിരുന്നു സംഭവം. കോളേജിലെത്തിയ റിഷാലിന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാത്തത് ചോദ്യം ചെയ്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ രംഗത്തുവരികയായിരുന്നുവെന്നാണ് റിഷാലിന്റെ ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇതേച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ റിഷാലിന്റെ മൂക്ക് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഷാലിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

റിഷാലിന് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് ബന്ധുക്കള്‍ കൊളേജിലും കൊയിലാണ്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം റിഷാലിന്റെ മൊഴി രേഖപ്പെടുത്തി. ആരോപണം നേരിട്ട വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.