സ്‌കൂള്‍ കുട്ടികള്‍ കയറിക്കൊണ്ടിരിക്കെ ബസ് എടുത്തത് ചോദ്യം ചെയ്തു; കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: വിദ്യാര്‍ഥികള്‍ കയറിക്കൊണ്ടിരിക്കെ ബസ് എടുത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ ബസിലെ ക്ലീനറും കണ്ടക്ടറും മര്‍ദ്ദിച്ചതായി പരാതി. താമരശ്ശേരിയില്‍ പഠിക്കുന്ന പുതിയങ്ങാടി പുതിയോട്ടില്‍ അതുലാണ് കൊയിലാണ്ടി പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ബുധനാഴ്ച രാവിലെ കോളേജിലേക്ക് പോകുന്ന സമയത്ത് രാവിലെ 9.10നായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും കെ.എല്‍ 56 ഡി 3132 എന്ന നമ്പറിലുള്ള അരമന ബസില്‍ കയറാനായി ബസിന് പുറത്ത് കാത്തിരുന്നതായിരുന്നു താനെന്ന് അതുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഫുള്‍ ടിക്കറ്റ് കയറിയതിനുശേഷം ബസ് എടുക്കാറാവുന്ന സമയത്താണ് വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കാറുള്ളത്.
എന്നാല്‍ ഈ സമയത്ത് വിദ്യാര്‍ഥികള്‍ കയറിക്കൊണ്ടിരിക്കെ തന്നെ ബസ് പിറകോട്ട് എടുക്കാന്‍ തുടങ്ങി. ചെറിയ കുട്ടികളടക്കമുണ്ടായിരുന്നു ബസ് കയറുന്നതില്‍. ബസില്‍ നിന്നും ഇതുകണ്ടപ്പോള്‍ ക്ലീനറോട് ബസ് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും അയാള്‍ ചെവിക്കൊട്ടില്ല. തുടര്‍ന്ന് താന്‍ ബെല്ലടിച്ചപ്പോള്‍ ‘താനാരാണ് ബെല്ലടിക്കാന്‍’ എന്ന് ചോദിച്ചുകൊണ്ട് ക്ലീനറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് തള്ളിവിടുകയും ചെയ്‌തെന്ന് അതുല്‍ പറയുന്നു.
അതുല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനത്തെ തുടര്‍ന്ന് കൈയുടെ ഷോള്‍ഡര്‍ തെറ്റിയിട്ടുണ്ടെന്ന് അതുല്‍ പറഞ്ഞു.