ചേവായൂര്‍ സ്വദേശിനിയായ യുവതിക്ക് അശ്ലീല ഫോട്ടോ അയച്ചെന്ന പരാതി; പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം
കോഴിക്കോട്: ചേവായൂര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ചെന്ന പരാതിയില്‍ പോലീസ് ഓഫീസര്‍ക്കെതിരേ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി. ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് നിഷോര്‍ സുധീന്ദ്രനെതിരേയാണ് അന്വേഷണം.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴിയാണ് ചേവായൂര്‍ സ്വദേശിനിയായ യുവതിയും പൊലീസുകാരനെ പരിചയപ്പെട്ടത്. അശ്ലീലഫോട്ടോ ലഭിച്ചതിനെത്തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ പിന്നീട് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കി. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ വി.സുരേഷിനാണ് അന്വേഷണച്ചുമതല. രണ്ടാഴ്ചമുമ്പാണ് പരാതി ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
അതേസമയം യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഹണി ട്രാപ്പാണെന്നും പണം തട്ടാന്‍ വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഓഫീസറുടെ നിലപാട്. തന്നെ മനപൂര്‍വ്വം കുരുക്കിലാക്കിയതാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ് പൊലീസ് ഓഫീസര്‍.