അഞ്ചര മീറ്റര്‍ വേണ്ട സര്‍വ്വീസ് റോഡ് മേലൂര്‍ ഭാഗത്ത് മൂന്നര മീറ്റര്‍ വീതി മാത്രം; പരാതിയുമായി ജനപ്രതിനിധികളും നാട്ടുകാരും


കൊയിലാണ്ടി: ദേശീയപാത നവീകരണം പുരോഗമിക്കവെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മേലൂര്‍ ഭാഗത്ത് സര്‍വ്വീസ് റോഡിന് വേണ്ടത്ര വീതിയില്ലെന്ന് പരാതി. മൂന്നര മീറ്റര്‍ മാത്രമാണ് ഇവിടുത്തെ വീതി. സര്‍വ്വീസ് റോഡിന് അഞ്ചര മീറ്ററും ഡ്രൈനേജിന് ഒന്നര മീറ്ററും വീതി വേണമെന്നിരിക്കെയാണിത്.

സര്‍വ്വീസ് റോഡിന്റെ വീതിക്കുറവ് വേരത്തെ തന്നെ ദേശീയപാത അതോറിറ്റിയുടെയും ഉപകരാറുകാരായ വഗാര്‍ഡിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആവശ്യമായ വീതിയില്‍ സര്‍വ്വീസ് റോഡ് നിര്‍മിക്കാന്‍ വേണ്ട സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് നല്‍കിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്.

മൂന്നര മീറ്റര്‍ വീതിയിലുള്ള റോഡാകുമ്പോള്‍ ചെറിയ വാഹനം തകരാറിലായി റോഡില്‍ കിടന്നാല്‍ പോലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാകും. അതിനാല്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജനപ്രതിനിധികളും നാട്ടുകാരും പരാതി നല്‍കി.