‘ശരീരം അഴുകി പുളിച്ച നാറ്റം വന്ന കുഷ്ഠരോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുന്നിട്ടിറങ്ങിയത് അന്ന് മമ്മത് കോയ ആയിരുന്നു, നാട്ടുകാരുടെ പ്രതിസന്ധികളില്‍ കൈമെയ് മറന്ന് സഹായിക്കാന്‍ അദ്ദേഹം എന്നുമുണ്ടായിരുന്നു’; തിരുവങ്ങൂരിലെ മമ്മദ് കോയയെ അശോകന്‍ കോട്ട് അനുസ്മരിക്കുന്നു
ചേമഞ്ചേരി: കഴിഞ്ഞ ദിവസം അന്തരിച്ച വെറ്റിലപ്പാറ കിണറുള്ളകണ്ടി മമ്മദ് കോയയെ അനുസ്മരിക്കുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ട്. അദ്ദേഹത്തിന്റെ അനുസ്മരണക്കുറിപ്പ് വായിക്കാം:
ഒരു സഖാവ് കൂടി കാലയവനികക്കുള്ളിൽ മറയുന്നു…
പോയ കാലത്തിൽ മനസ്സിൽ ആഴത്തിൽ കോറിയിട്ട സ്മരണകളുടെ ഓർമപ്പെടുത്തലുകളാകുന്നു. സുഖ ദുഃഖ സമ്മിശ്രമായിരിക്കും അവയെല്ലാം. ചിലവ ആവേശമുറ്റുന്നവയുമാകും. ഇവയെല്ലാം കോർത്തിണക്കിയതാണ് സഖാവിന്റെ ഓർമ്മകൾ.
1972ൽ തിരുവങ്ങൂരിൽ പാർട്ടി ബ്രാഞ്ച് രൂപീകരിച്ചപ്പോൾ ഉർവ്വശി ടാക്കീസ് മുതൽ കൃഷ്ണകുളം വരെയായിരുന്നു ബ്രാഞ്ച് അതിർത്തി. അതിൽ വെറ്റിലപ്പാറയിലെ ഏതാനും പാർട്ടി അനുഭാവികളിൽ പ്രധാനിയായിരുന്നു മമ്മത്കോയ. പാർട്ടിയുടെയും അന്നത്തെ യുവജന സംഘടനയായ കെ.എസ്.വൈ.എഫിന്റെയും യോഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് നടക്കാറുണ്ടായിരുന്നത്. ഉമ്മയും സഖാവും മാത്രമാണ് വീട്ടിലുണ്ടാവുക. കട്ടൻചായയും മിക്സ്ച്ചർ, റസ്ക് കടിയും തരും.
ഓല, വെണ്ണീർ കച്ചവടമായിരുന്നു പ്രധാന തൊഴിൽ. സ്ഥലത്തെ ഒരു കുട്ടിപോക്കിരി കൂടിയായിരുന്നു സഖാവ്. തെറ്റുകളെ അരുതെന്ന് വിലക്കുന്നവർ കമ്മ്യൂണിസ്റ്റുകാരായതിനാൽ അവരെയൊക്കെ പോക്കിരികളായാണ് ചിത്രീകരിച്ചിരുന്നത്. പാർട്ടി ജാഥകളിൽ, പൊതുയോഗങ്ങളിൽ എല്ലാം സഖാവ് നിറ സാന്നിധ്യമായിരുന്നു.
തിരുവങ്ങൂരിൽ പാർട്ടി ബ്രാഞ്ച് രൂപീകരിക്കപ്പെട്ടപ്പോൾ അതിനെ തകർക്കാൻ അന്നത്തെ പല പ്രമാണിമാരും പലതരത്തിൽ ശ്രമിച്ചിരുന്നു. വീട്ടിൽപോയി നുണപറയുക, ജോലിവാഗ്ദാനം ചെയ്യുക, കള്ളക്കേസ് കൊടുക്കുക അങ്ങിനെ പലതും. അവസാനകൈ മർദനം.അത്തരംസംഘട്ടനങ്ങളിൽ സഖാക്കളെ സംരക്ഷിക്കാൻ സഖാവ് എന്നും മുൻപന്തിയിലുണ്ടാവും.പല സന്ദർഭങ്ങളിലും പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിഇറങ്ങേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികളെ കുഴക്കുന്ന ചോദ്യങ്ങൾ കൊണ്ട് നേരിടും. പത്രവായന സഖാവിന്റെ ദിനചര്യയായിരുന്നു. മനോരമ ആഴ്ച പതിപ്പും.1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അഞ്ചാം വാർഡിൽ ഞാൻ പാർട്ടി സ്ഥാനാർഥി, എതിരാളികൾ കേമന്മാർ. ആളും അർത്ഥബലവും അവർക്കുതന്നെ.സഖാക്കളുടെ അതിസാഹസികമായ പ്രവർത്തനം നമ്മുടെ വിജയം ഉറപ്പിച്ചു.രാത്രി വീടുകളിൽപോയി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനും, എതിർ വോട്ടുകളിൽ ആടി നിൽക്കുന്നവ കണ്ടെത്തി വാക്സാമർത്ഥ്യം കൊണ്ട് അത് നമുക്കനുകൂലമാക്കാനുള്ള, സഖാവിന്റെ പാടവം അത്യപൂർവ്വമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഖാവിന്റെ അർപ്പണ ബോധം ആർക്കും അനുകരിക്കാവുന്നതാണ്.
ഒരു മനുഷ്യ സ്നേഹിയായിരുന്നു മമ്മതുകോയ. രോഗികളെ ആക്കാലത്തു മെഡിക്കൽകോളേജിൽ കൊണ്ടുപോകാനും ദിവസങ്ങളോളം കൂട്ടിരിക്കാനും അദ്ദേഹമുണ്ടാകും. അപകടങ്ങളിൽ രക്ഷകനായും, മരണങ്ങളിൽ സഹായിയായും പ്രതിസന്ധികളിൽ ആശ്വാസവചനമായും അദ്ദേഹം സാന്നിധ്യമറിയിക്കും.വിവാഹ വീടുകളിൽ വീട്ടുകാരനായി കൈമെയ് മറന്ന് സഹായിക്കും.
മനുഷ്യ സ്നേഹത്തിന്റെ നിറകുടമായ ഒരനുഭവം ഇവിടെ പങ്കുവെക്കട്ടെ. ഇന്നത്തെ സി.എം ഹോട്ടൽ ഉള്ള സ്ഥലത്ത് ഒരു ഓല പീടിക ഉണ്ടായിരുന്നു. അവിടെ ഒരു കുഷ്ഠ രോഗി കിടക്കാറുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രോഗിയുടെ ശരീരം അഴുകി തുടങ്ങി. ഞങ്ങൾ പോയിനോക്കുമ്പോൾ ഒരു പുളിച്ച നാറ്റവും. നമുക്കിയാളെ ആശുപത്രിയിൽ കൊണ്ടുപോകണം, മമ്മത്കോയ പറഞ്ഞു. ഞാനും കൂടെ യുള്ളവരും സമ്മതം മൂളി. ചേവായൂർ കുഷ്ഠ രോഗശുപത്രിയിൽ പോയി ഫിസിയോ തെറാപ്പിസ്റ്റിനെ (കവി പി.കെ ഗോപി) കണ്ടു. ഓക്കേ പറഞ്ഞു. എങ്ങിനെ എത്തിക്കും. സഖാവ് പറഞ്ഞു എന്റെ ട്രാളിയിൽ കൊണ്ടുപോകാം. കൊയിലാണ്ടി പോയി ഒരു ടാക്സി സംഘടിപ്പിച്ചു. കുഷ്ഠ രോഗിയെ കൊണ്ടുപോകാനാണെന്ന് പറഞ്ഞപ്പോൾ ആരും തയ്യാറായില്ല.
നിരാശയാൽ മടങ്ങാൻ തുടങ്ങവെ ഒരാളെകൂടി കാണാനുണ്ടെന്ന് പറഞ്ഞ് മാമ്മത്കോയ ടാക്സി സ്റ്റാന്റിന്റെ അങ്ങേതലക്ക് പോയി. എങ്ങിനെയെന്നറിയില്ല അയാളെക്കൊണ്ട് രോഗിയെ കൊണ്ടുപോകാമെന്ന് സമ്മതിപ്പിച്ചു മമ്മതുകോയ. പിറ്റേന്ന് പുലർച്ചെ രോഗിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് കാറിൽ ഇരുത്തി ആശുപത്രിയിൽ എത്തിച്ചു. നിങ്ങളുടെ
പ്രവർത്തിയെ അഭിനന്ദിക്കുന്നു പി.കെ.ഗോപി അന്ന് പറഞ്ഞ വാക്കകൾ ഇന്നും ചെവിയിൽ അലയടിക്കുന്നു. സഖാവിന്റെ മുൻകൈയാണ് അത്തരമൊരു സാഹസത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം ആ രോഗി നാട്ടിൽ വന്നത് രോഗം മാറി വെളുത്തു സുമുഖനായ ഒരാളായാണ് ഒരുപാട് ഒരുപാട് ഓർമ്മകൾ മുന്നിൽ നിരനിരയായി നിൽക്കുന്നു.
അതെല്ലാം ഇവിടെ കുറിക്കുക അസാധ്യം.നേതാവായോ, മുന്നിൽനിന്നോ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാത്ത ഇത്തരം ഒരുപാട് സഖാക്കൾ പടുത്തുയർത്തിയതാണീ പ്രസ്ഥാനത്തെ. പേരോ, പദവിയോ ഒന്നും ആഗ്രഹിക്കാതെ പോരടിച്ച ഒരു സഖാവ് കൂടി കാലയവനികക്കുള്ളിൽ മറയുന്നു. ഓർമ്മകൾക്കുമുന്നിൽ അന്ത്യ പ്രണാമം.
മമ്മദ് കോയ ഇന്നലെയാണ് മരണമടഞ്ഞത്. എഴുപത്തിനാല് വയസ്സായിരുന്നു. സുഹ്റയാണ് ഭാര്യ. മക്കൾ: സാജി (സി.പി.എം, വെറ്റിലപ്പാറ ബ്രാഞ്ച് മെമ്പർ), ഷനിജ. മരുമക്കൾ: ഷെഹർബാനു, ജയ്സൽ (ചേലിയ). മയ്യത്ത് നിസ്ക്കാരം ഇന്നലെ രാത്രി 9.30 ന് വെറ്റിലപ്പാറ മൊഹിയുദ്ധീൻ ജുമാമസ്ജിദിൽ നടന്നു