ആ’ശങ്ക’യ്ക്ക് പരിഹാരമായി; ഇനി തൊഴിലാളികൾക്കോ യാത്രക്കാർക്കൊ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് നഗരസഭയുടെ ഉറപ്പ്, ബസ് സ്റ്റാന്റിലെയും മാർക്കറ്റിലെയും കംഫർട്ട് സ്റ്റേഷനുകൾ തുറന്നു



കൊയിലാണ്ടി: താല്‍ക്കാലികമായി അടച്ചിട്ട കൊയിലാണ്ടി ബസ് സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍ തുറന്നു. ഇനി തൊഴിലാളികള്‍ക്കോ യാത്രക്കാര്‍ക്കോ പ്രാഥമിക കാര്യങ്ങള്‍ക്കുവേണ്ടി ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചത് കൊയിലാണ്ടിയിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന കാര്യം കഴിഞ്ഞദിവസം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാനും ഉച്ചവരെ മാത്രം പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂര്‍ണമായും തുറന്നിടാനും തീരുമാനിച്ചത്.

അറ്റകുറ്റ പണികള്‍ക്ക് വേണ്ടിയാണു തിങ്കളാഴ്ച മുതല്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചതെന്നാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ പറഞ്ഞത്. അറ്റകുറ്റപ്പണികള്‍ ധ്രുതഗതിയില്‍ തീര്‍ത്ത് ഇന്ന് പുലര്‍ച്ചെ അത് വീണ്ടും തുറന്നു നല്‍കുകയായിരുന്നു. ടേക്ക് എ ബ്രേക്ക് സ്ഥാപനവും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് നഗരസഭ ധ്രുതഗതിയില്‍ നടപടിയെടുത്തതില്‍ നന്ദിയുണ്ടെന്ന് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയ കൊയിലാണ്ടിയിലെ ചുമട്ട്തൊഴിലാളികൾ പ്രതികരിച്ചു. ഇന്നലെ തന്നെ നഗരസഭാ അധികൃതര്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.