കോതമംഗലം മണമല്‍ റോഡില്‍ അണ്ടര്‍പാസ് അനുവദിക്കില്ലെന്ന് കളക്ടര്‍; അണ്ടര്‍പാസ് അനുവദിക്കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് നഗരസഭാ കാണ്‍സിലര്‍മ്മാരും റസിഡന്‍സ് അസോസിയേഷനും


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കോതമംഗലം മണമല്‍ റോഡില്‍ അണ്ടര്‍പാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രദേശത്തെ ജനപ്രതിനിധികള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നി വരുമായി നടത്തിയ ചര്‍ച്ചയില്‍ മണമല്‍ റോഡില്‍ അണ്ടര്‍പാസ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും, എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരും സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍.എച്ച്. അധികൃതര്‍ക്ക് ഇതേ സംബന്ധിച്ചുളള നിവേദനം നല്‍കിയിരുന്നെന്നും വീണ്ടും കളക്ടര്‍ക്കും ഇതേ നിവേദനം നല്‍കുകയും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് എം.പി യിയെ വിവരമറിയിക്കുകയും എം.പി യുടെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ ചര്‍ച്ച നടത്തിയതെന്ന് കൗണ്‍സിലര്‍ എം ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മണമല്‍ റോഡില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത് അനുവദിക്കാനാവില്ല എന്ന് ചെറിയ കാരണങ്ങള്‍ പറഞ്ഞാണ് കളക്ടര്‍ ചര്‍ച്ച അവസാനിപ്പിച്ചതെന്ന് ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങള്‍ മുനിസിപ്പാലിറ്റിയിലേക്കും മറ്റും പോകണമെങ്കില്‍ സര്‍വ്വീസ് റോഡ് വഴി ചുറ്റി 1 കിലോമീറ്ററോളം സഞ്ചരിച്ച് വേണം ലക്ഷ്യ സ്ഥാനത്തെത്താനെന്നും ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഭാവിയില്‍ നേരിടേണ്ടി വരുമെന്നും അവര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

അണ്ടര്‍പാസ് അനുവദിക്കാതെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലായിരുന്നു നഗരസഭാ കൗണ്‍സിലര്‍മാരും റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും. നഗരസഭാ കൗണ്‍സിലര്‍മാരായ എം. ദൃശ്യ, കേളോത്ത് വത്സരാ ജ്, എ. ലളിത, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിക ളായ ടി. വേലായുധന്‍, പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.