തീരദേശപാത; കാപ്പാട് മേഖലയില്‍ കടലാക്രമണ ഭീഷണി കണക്കിലെടുത്ത് ഭൂമിയേറ്റെടുക്കുക തീരത്തുനിന്ന് പത്തുമീറ്ററോളം വിട്ട്, കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നു
കൊയിലാണ്ടി: തീരദേശ പാത നിര്‍മ്മാണത്തിനായി കൊയിലാണ്ടി മേഖലയില്‍ സ്ഥലമേറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു. മണ്ഡലത്തില്‍ ഏഴു റീച്ചുകളിലായാണ് തീരപാതയുടെ നിര്‍മാണം. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തില്‍ മാത്രം തീരദേശ ഹൈവേ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതില്‍ കോടിക്കല്‍ ബീച്ച് മുതല്‍ കൊളാവിപാലംവരെയുള്ള റീച്ചിന് വിശദമായ പദ്ധതിരേഖ നല്‍കിയിട്ടുണ്ട്. കോരപ്പുഴ മുതല്‍ കവലാട് വരെയുളള റീച്ചില്‍ ഇനി ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് ഭൂമിയേറ്റെടുക്കുന്നതിനായി കോണ്‍ക്രീറ്റ് കുറ്റി നാട്ടാനുളളത്. ഏരൂല്‍ ഭാഗത്ത് കുറ്റിയിടുന്നതിന് മുന്നോടിയായി പ്രദേശവാസികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവിടെ നിലവിലുള റോഡ് 15 മീറ്ററില്‍ വീതി കൂട്ടിയാല്‍ പല വീടുകളുടെയും വരാന്തവരെ ഏറെറടുക്കേണ്ടി വരും. ഇതിന് പരിഹാരമായി ഏതെങ്കിലും ഒരു വശത്ത് മാത്രം വീതി കൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇരുവശത്തും സ്ഥലമേറ്റെടുത്താല്‍ റോഡിനോട് ചേര്‍ന്നുളള വീടുകള്‍ ഭാവിയില്‍ വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന ഗുണമുണ്ട്. റോഡിനോട് തൊട്ടടുത്തുളള വീടുകളില്‍ താമസിക്കുക പ്രയാസമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കടലാക്രമണ ഭീഷണിയുളള കാപ്പാട്, നിലവിലുളള തീരപാത കടന്നു പോകുന്നതിന് തൊട്ട് കിഴക്ക് ഭാഗത്തായിട്ടാണ് ഭൂമി ഏറ്റെടുക്കുനത്. കടലാക്രമണ ഭീഷണി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരത്ത് നിന്ന് പത്ത് മീറ്ററോളം വിട്ട് ഭൂമി ഏറ്റെടുക്കുന്നത്.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തമ്പോഴുണ്ടായ നഷ്ടപരിഹാര പാക്കേജ് തീരപാതയ്ക്കും വേണ്ടി വരും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 656.6 കി.മീറ്റര്‍ നീളത്തിലാണ് തീരദേശഹൈവേ നിര്‍മിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നു പോകുക.
നിലവിലുള്ള തീരപാതകളെ ബന്ധിപ്പിച്ചും ഇല്ലാത്തിടത്ത് പുതുതായി പാത നിര്‍മിച്ചുമാണ് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കേണ്ടത്. 15.6 മീറ്റര്‍ വീതിയിലാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്. ഇതിന്റെ കൂടെ നടപ്പാതയും സൈക്കിള്‍ ട്രാക്കും ഉണ്ടാവും.
ഇരിങ്ങല്‍ മുതല്‍ മൂടാടി ഗ്രാമപ്പഞ്ചായത്തിലെ കോടിക്കല്‍ ബീച്ചുവരെ തീരദേശപാത നിര്‍മാണത്തിന് റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധന നടത്തി അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്. കോടിക്കല്‍ മുതല്‍ കൊയിലാണ്ടിവരെ അലൈന്‍മെന്റ് തയ്യാറായിട്ടില്ല. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് മുകളിലൂടെയാണ് പാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. പാറപ്പള്ളി മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ ചിലയിടങ്ങളില്‍ റോഡുകളുണ്ടെങ്കിലും പരസ്പരം ബന്ധമറ്റു കിടപ്പാണ്.
കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ കണ്ണങ്കടവ് വരെ നിലവിലുള്ള തീരപാത വഴിയിലൂടെയാണ് ഹൈവേ കടന്നുപോകുക, കണ്ണകടവ് നിന്ന് കോരപ്പുഴ പാലത്തിലേക്കെത്താന്‍ റോഡ് വീതികൂട്ടി നിര്‍മിക്കണം. തിരുവനന്തപുരം -കാസര്‍കോട് തീരപാത നിലവില്‍ വരുന്നതോടെ ടൂറിസം ഗതാഗത മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാവും. മത്സ്യബന്ധന ഹാര്‍ബറുകളില്‍നിന്നുള്ള ട്രക്കുകളുടെ യാത്രയും സുഗമമാകും.