ചെങ്ങോട്ടുകാവ് പ്രിന്‍സ് റെസിഡന്‍സിയില്‍ മദ്യപിക്കാനെത്തിയവരുടെ അതിക്രമം; ഹോട്ടലിലെ ചില്ലുകള്‍ തകര്‍ത്തു, പൊലീസിനെ കയ്യേറ്റം ചെയ്തു


കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ പ്രിന്‍സ് റെസിഡന്‍സിയില്‍ മദ്യപാനികളുടെ അതിക്രമം. മദ്യലഹരിയില്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അക്രമികള്‍ ഹോട്ടലില്‍ നാശനഷ്ടമുണ്ടാക്കി. തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്തു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ ബാറിലേക്ക് വരുമ്പോള്‍ തന്നെ മദ്യമോ മറ്റേതോ ലഹരിയോ ഉപയോഗിച്ച അവസ്ഥയിലായിരുന്നുവെന്ന് പ്രിന്‍സ് റെസിഡന്‍സി അധികൃതർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബാറില്‍ നിന്ന് മദ്യപിച്ച ഇവര്‍ ഹോട്ടലിന്റെ അടുക്കളയിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അടുക്കളയിലേക്ക് പ്രവേശനമില്ല എന്ന് പറഞ്ഞ് ജീവനക്കാര്‍ ഇവരെ തടഞ്ഞു. അതോടെയാണ് വാക്കുതര്‍ക്കം ഉണ്ടായത്.

തുടര്‍ന്ന് അക്രമികള്‍ ഹോട്ടലിലുണ്ടായിരുന്ന ചില്ല് കൊണ്ടുള്ള സൈന്‍ ബോര്‍ഡുകള്‍ തകര്‍ത്തു. തടയാന്‍ ശ്രമിച്ച ജീവനക്കാരെ അക്രമികള്‍ കയ്യേറ്റം ചെയ്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പൊലീസുകാരെയും ഇവര്‍ കയ്യേറ്റം ചെയ്തു.

അതിക്രമത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടല്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കി. പരിക്കേറ്റ ജീവനക്കാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.