കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം; ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പ്രിന്‍സിപ്പല്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ അടിച്ചെന്ന് വിദ്യാര്‍ഥികളും


കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം എത്തി തന്നെ ആക്രമിച്ചെന്ന് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.

സുനിലിപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്ക് പരിക്കുണ്ടെന്നും എക്‌സ്‌റേ എടുക്കാന്‍ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം, ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ബി.ആര്‍.അഭിനവിനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയുന്നത്. അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ ഓഫീസിന് മുമ്പില്‍ ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ എസ്.എഫ്.ഐ തീരുമാനിച്ചിരുന്നു. ഈ സമയത്ത് അഭിനവിനെ പ്രിന്‍സിപ്പല്‍ വിളിക്കുകയും ഹെല്‍പ്പ് ഡസ്‌കിന്റെ കാര്യം പറഞ്ഞപ്പോള്‍ അടിക്കുകയുമായിരുന്നെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. അഭിനവിന്റെ ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ട്, ഒരു ഭാഗത്തെ ചെവി കേള്‍ക്കുന്നില്ല. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.